സംസ്ഥാനത്തെ വൈസ് ചാൻസിലർമാരെ പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെയുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് വിവിധ സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാർ(വിസി) നൽകിയ ഹർജിയാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
വിസിമാരെ പുറത്താക്കാനാണ് ഗവർണറുടെ നീക്കമെന്നും, അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. വിസിമാരെ നിയമിച്ച ചാൻസിലർ തന്നെ നിയമനം തെറ്റായിരുന്നെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും വാദിക്കുന്നുണ്ട്. എന്നാൽ വൈസ് ചാൻസിലർമാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും പലർക്കും വേണ്ടത്ര യോഗ്യതയില്ലെന്നും പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഗവർണറുടെ നിലപാട്.
അതേസമയം, സാങ്കേതിക സർവ്വകലാശാല (കെ.ടി.യു) താത്കാലിക വൈസ് ചാൻസിലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി കോടതി ശരിവച്ചു. സിസ തോമസിന് ചുമതല നൽകിയതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്. ഇതോടെ, താത്കാലിക വി.സിയായി സിസ തോമസിന് തുടരാം. ചാൻസിലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ലെന്ന്, ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിസിയായി സർക്കാർ നിർദ്ദേശിച്ചവരും നിർദ്ദിഷ്ട യോഗ്യത ഉള്ളവർ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാകില്ലെന്നു കോടതി പറഞ്ഞു