ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവർ രാജ്യം വിടുന്ന പ്രവണത ഇന്ത്യയിൽ വർദ്ധിക്കുകയാണ്. ഹെൻലി ആൻഡ് പാർട്ട്ണേഴ്സിന്റെ റിപ്പോർട്ട് പ്രകാരം സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയ്ക്കും ചൈനക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കോവിഡ് വ്യാപനമുണ്ടായപ്പോൾ ഈ പ്രവണതയിൽ അൽപ്പം കുറവ് സംഭവിച്ചിരുന്നു. എങ്കിലും രാജ്യം വിടുന്ന ഈ പ്രവണത വീണ്ടും വർദ്ധിക്കുന്ന കാഴ്ചയാണ് കാണുന്നത്.
2022 ൽ ഇതുവരെ സമ്പന്ന വിഭാഗത്തിലുള്ള 8,000 പേരാണ് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയത്. റഷ്യയിലും ചൈനയിലും ഇത് യഥാക്രമം 15,000, 10,000 വീതമാണ്. ഒരു മില്യൺ ഡോളറോ അതിന് മുകളിലോ ആസ്തിയുള്ളവരെയാണ് സമ്പന്ന വിഭാഗമായി കണക്കാക്കുന്നത്. ഇന്ത്യ ഓരോ വർഷവും സൃഷ്ടിക്കുന്ന സമ്പന്നരുടെ എണ്ണം രാജ്യം ഉപേക്ഷിക്കുന്നവരെക്കാൾ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം ആശങ്കാജനകം അല്ലെന്നും റിപ്പോർട്ട് പറയുന്നു.
സമ്പന്നരായ വ്യക്തികൾ ഇന്ത്യയിലേക്ക് മടങ്ങി വരുന്ന പ്രവണതയും ഉണ്ട്. രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുന്നതിന് അനുസരിച്ച് ഇത്തരത്തിൽ തിരികെ എത്തുന്നവരുടെ എണ്ണം ഉയരുമെന്നും ഹെൻലി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2031ഓടെ രാജ്യത്തെ സമ്പന്നരുടെ എണ്ണത്തിൽ 80 ശതമാനത്തോളം വർദ്ധനവ് ഉണ്ടാവും. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി (Wealth Market) ആയി ഇന്ത്യയെ മാറ്റുമെന്നാണ് വിലയിരുത്തൽ.
സ്വന്തം നാട് ഉപേക്ഷിക്കുന്നവർ യുഎഇ, യുഎസ്എ, പോർച്ചുഗൽ, കാനഡ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കുടിയേറുന്നത്. മാൾട്ട, മൗറീഷ്യസ്, മൊറോക്കോ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റവും ഉയരുകയാണ്. ഈ വർഷം ഏകദേശം 4000 സമ്പന്നർ എത്തുമെന്ന് കരുതുന്ന യുഎഇ ആണ് ഇക്കൂട്ടത്തിൽ മുന്നിൽ.