ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലായി 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സൗര്യരാഷ്ട്രയും കച്ചും ദക്ഷിണ ഗുജറാത്തും ഉൾപ്പെടെയുള്ള 19 ജില്ലയിലെ വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ ബൂത്തിലെത്തുക. ബിജെപിയും കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള ത്രികോണ മത്സരമാണ് ഇവിടെ. 14,382 പോളിങ് സ്റ്റേഷനുകളിലായി വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ 93 നിയോജകമണ്ഡലങ്ങളാണ് പോൾ ചെയ്യുക. 4.9 കോടി ജനങ്ങളാണ് രണ്ട് ഘട്ടമായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അർഹരായവർ. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ ആകെ 51,000 പേളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിരിക്കുന്നത്.