പുരുഷ ലോകകപ്പ് മത്സരത്തിൽ റഫറിയാകുന്ന ആദ്യ വനിതയെന്ന നിലയിൽ ചരിത്രം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ് സ്റ്റെഫാനി ഫ്രാപ്പാർട്ട്. കോസ്റ്റാറിക്കയും ജർമ്മനിയും തമ്മിൽ നാളെ പുലർച്ചെ നടക്കുന്ന ഗ്രൂപ്പ് ഈ മത്സരത്തിൽ ആണ് സ്റ്റെഫാനി ഫ്രാപ്പാർട്ട് റഫറിയാകുക. ഇതേ മത്സരത്തിൽ അസിസ്റ്റൻറ് റഫറിമാരും സ്ത്രീകൾ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. ബ്രസീലുകാരിയായ ന്യൂസ ബബക്കും മെക്സിക്കയിൽ നിന്നുള്ള കാരെൻ ഡയസുമാണ് ഈ മത്സരത്തിലെ അസിസ്റ്റൻറ് റഫറിമാർ.
മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, 2020-ലെ ചാമ്പ്യൻസ് ലീഗ് യൂറോപ്പ് ലീഗ് മത്സരങ്ങളും സ്‌റ്റെഫാനി നിയന്ത്രിച്ചിരുന്നു. 2019-ൽ നടന്ന ചെൽസിയും ലിവർപൂളും തമ്മിൽ നടന്ന യുവേഫ സൂപ്പർ കപ്പ് ഫൈനലിലും സ്റ്റെഫാനിയായിരുന്നു റഫറി. ഫിഫ പുറത്തുവിട്ട 36 മെയ്ൻ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനിയെ കൂടാതെ രണ്ട് വനിതകൾ കൂടിയാണുള്ളത്. 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകൾ ഉണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വനിതാ റഫറിമാർ ലോകകപ്പിന്റെ ഭാഗമാകുന്നത്.
“ഇതൊരു ആശ്ചര്യമാണ്, നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയില്ല, രണ്ടോ മൂന്നോ മിനിറ്റുകൾക്ക് ശേഷം നിങ്ങൾ ലോകകപ്പിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കുന്നു. ഇത് എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും ഫ്രഞ്ച് റഫറിമാർക്കും അതിശയകരമാണ്,”- സ്റ്റെഫാനി സിഎൻഎന്നി നോട് വെളിപ്പെടുത്തി. പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കാൻ സ്റ്റെഫാനിയെ തിരഞ്ഞെടുത്തത് സ്ത്രീ എന്ന പരിഗണന വെച്ചല്ലെന്ന് ഫിഫയുടെ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂജി കോളിന പറഞ്ഞു. ഫിഫ റഫറി ആയതിനാലും കളി നിയന്ത്രിക്കുന്നതിൽ കഴിവ് തെളിയിച്ചതിനുളള അംഗീകാരവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പതിമൂന്നാം വയസിലാണ് സ്റ്റെഫാനി റഫറിയാവുന്നത്. 18 വയസിൽ അണ്ടർ 19 നാഷണൽ മത്സരങ്ങളിൽ അവർ റഫറിയായി. 2014 ൽ ലീഗ് 2 നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി അവർ മാറിയിരുന്നു. 2015 ലെ വനിതാ ലോക കപ്പിലും സ്റ്റെഫാനി റഫറിയായിരുന്നു. 2019, 2020, 2021 വർഷങ്ങളിൽ മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്കാര ജോതാവ് കൂടിയാണ് സ്റ്റെഫാനി.