Wednesday, November 27, 2024

ഇടുക്കിയിൽ വിമാനമിറങ്ങി

കാത്തിരിപ്പിന് വിരാമമിട്ട് ഇടുക്കി സത്രം എയർ സ്ട്രിപ്പിൽ വിമാനമിറക്കി. വൈറസ് SW80 എന്ന ചെറുവിമാനമാണ് വണ്ടിപ്പെരിയാറിലെ എയർ സ്ട്രിപ്പിൽ പറന്നിറങ്ങിയത്.

കൊച്ചിയിൽ നിന്നും പറന്നുയർന്ന വിമാനമാണ് സത്രം എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്തത്. മുമ്പും രണ്ട് തവണ ഈ എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. റൺവേയുടെ അറ്റത്തുള്ള മൺതിട്ടയായിരുന്നു ഇതിന് തടസമായി ഉണ്ടായിരുന്നത്. തുടർന്ന് മൺതിട്ട നീക്കം ചെയ്യാൻ ധാരണയായി. ഇതിനെത്തുടർന്നാണ് ഇടുക്കി എയർ സ്ട്രിപ്പിൽ വിമാനം ഇറങ്ങിയത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായാണ് വണ്ടിപ്പെരിയാർ സത്രത്തിലെ എയർസ്ട്രിപ്പ് സ്ഥാപിച്ചത്. കാലക്രമേണ മെഡിക്കൽ എമർജൻസിയും ടൂറിസവും പോലുള്ള കാര്യങ്ങൾക്കായും എയർ സ്ട്രിപ്പ് വികസിപ്പിച്ചെടുക്കുക എന്നതും ലക്ഷ്യമാണ്.

‘ഇടുക്കി സത്രം എയർ സ്ട്രിപ്പിൽ ഇന്ന് വിമാനം ഇറങ്ങിയപ്പോൾ അത് ഹൈറേഞ്ചിന്റെ വളർച്ചയിലേക്കുള്ള പുതിയ ലാൻഡിങ് ആയി മാറി. ഇടുക്കി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങിയതിനു പിന്നാലെ എത്തുന്ന ഈ നേട്ടം ഓരോ ഇടുക്കിക്കാരനും അഭിമാനം പകരുന്നതാണ്’ ഇടുക്കി എം എൽ എ യും ജലവിഭവവകുപ്പ് മന്ത്രിയുമായ ശ്രീ. റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു. എൻ.സി.സിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ എയർസ്ട്രിപ്പാണ് വണ്ടിപ്പെരിയാറിലേത്.

Latest News