ഉത്തരാഖണ്ഡിൽ നടക്കുന്ന ഇന്ത്യ- അമേരിക്ക സൈനികാഭ്യാസത്തെ വിമർശിച്ച ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സായുധസേനകളുടെ സംയുക്ത അഭ്യാസം അതിർത്തി സമാധാനത്തിനായുള്ള ചൈന-ഇന്ത്യ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന ചൈനയുടെ വാദത്തെ ഇന്ത്യ ശക്തമായി എതിർത്തു. ആരുമായി സൈനികാഭ്യാസം നടത്തണമെന്ന് തീരുമാനമെടുക്കാനുള്ള വീറ്റോ അധികാരം മൂന്നാമതൊരു രാജ്യത്തിന് ഇന്ത്യ നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ആഞ്ഞടിച്ചു.
ചൈനീസ് അതിർത്തിയോട് ചേർന്ന ഉത്തരാഖണ്ഡിലെ ഔലിയിൽ ആണ് ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. ഇത് 1993 ലും 1996 ലും ഒപ്പുവെച്ച ഇന്ത്യ – ചൈന കരാറുകളുടെ ലംഘനമാണെന്നും ഉഭയകക്ഷി വിശ്വാസം വളർത്തിയെടുക്കുന്നതിൽ പ്രതികൂലമായി ബാധിക്കുമെന്നും ചൈന ഇന്ത്യയെ അറിയിച്ചു. എന്നാൽ, കിഴക്കൻ ലഡാക്കിലുണ്ടായ ചൈനീസ് ആക്രമണം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ചൈനയുടെ ഉഭയകക്ഷി കരാറുകളുടെ ലംഘനം ഓർത്തുനോക്കണമെന്ന് ഇന്ത്യ മറുപടി നൽകി. ഇന്ത്യ – യുഎസ് സൈനിക അഭ്യാസത്തിന് ഉഭയകക്ഷി കരാറുകളുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യ നിലപാടെടുത്തു.
“ഇത്തരം ആരോപണങ്ങൾ ചൈനയുടെ ഭാഗത്ത് നിന്നാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ 1993-ലെയും 1996-ലെയും ഉടമ്പടികളിന്മേൽ ചൈന നടത്തിയ ലംഘനം എടുത്തുപറയേണ്ടതുണ്ട്. ഇന്ത്യ, തിരഞ്ഞെടുക്കുന്നവരുമായി സൈനിക അഭ്യാസം നടത്തുന്നു. ഈ വിഷയങ്ങളിൽ മൂന്നാം രാജ്യങ്ങൾക്ക് വീറ്റോ നൽകുന്നില്ല” – വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.