ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് രാഷ്ട്രപതി ഭവൻ. ആഴ്ചയിൽ അഞ്ച് ദിവസം രാഷ്ട്രപതി ഭവൻ സന്ദർശിക്കാം എന്നതാണ് പുതിയ തീരുമാനം.
കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിലേക്കുള്ള സന്ദർശനം പൊതുജനങ്ങൾക്ക് വെറും രണ്ട് ദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കുവാൻ തീരുമാനിച്ചതായി കഴിഞ്ഞ മാസമാണ് രാഷ്ട്രപതിഭവൻ പ്രഖ്യാപിച്ചത്. തുടർന്നാണ് രണ്ടിൽ നിന്നും അഞ്ച് ദിവസമായി സന്ദർശന സമയം ഉയർത്തിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനും പ്രവൃത്തി ദിവസങ്ങളിലും അതിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുമാണ് ഇതെന്നായിരുന്നു പ്രസിഡൻറിൻറെ വാക്താവ് നൽകിയ വിശദീകരണം.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയും ഒരു മണിക്കൂർ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിലായി രാഷ്ട്രപതി ഭവൻ സന്ദർശിക്കാം. ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദർശകർ വരെ ഉണ്ടാകും. രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടത്തിന്റെ (സർക്യൂട്ട് 1) ഭാഗങ്ങൾ ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗസറ്റഡ് അവധി ദിവസങ്ങളിൽ ഒഴികെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് വിവരം.
വാസ്തുശില്പികളായ സർ എഡ്വിൻ ലൂട്ടിയൻസ്, ഹെർബർട്ട് ബേക്കർ എന്നിവർ നിർമ്മിച്ച രാഷ്ട്രപതിഭവൻ 330 ഏക്കർ എസ്റ്റേറ്റിൽ 5 ഏക്കർ വിസ്തൃതിയിൽ എച്ച് ആകൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. രാഷ്ട്രപതി ഭവനിൽ നാല് നിലകളിലായി 340 മുറികൾ, 2.5 കിലോമീറ്റർ വലുപ്പമുള്ള ഇടനാഴികൾ, 190 ഏക്കർ ഗാർഡൻ ഏരിയ എന്നിവയുണ്ട്. ഓരോ സർക്യൂട്ടിലും ഒരു സന്ദർശകന് 50 രൂപയാണ് രജിസ്ട്രേഷൻ ചാർജ്. 30 പേർ അടങ്ങുന്ന ഒരു സന്ദർശക സംഘത്തിന് ഓരോ സന്ദർശനത്തിനും 1200 രൂപയാണ് ഈടാക്കുക. എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ രാഷ്ട്രപതി ഭവൻ സന്ദർശനത്തിനുള്ള രജിസ്ട്രേഷൻ നിരക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.