പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് അഫ്ഗാനിൽ വ്യാപകമാകുന്നു. താലിബാൻ അധിനിവേശത്തിനു ശേഷം നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ വിവാഹിതരായത്. താലിബാൻകാരുടെ ഭീഷണിക്ക് വഴങ്ങുന്നതിനേക്കാൾ പ്രായപൂർത്തിയെത്തുന്നതിനു മുൻപ് അഫ്ഗാനികളുമായുള്ള വിവാഹമാണ് നല്ലതെന്ന വിലയിരുത്തലാണ് ഇത്തരം വിവാഹങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നത് എന്ന് ആർഎഫ്ഇ-ആർഎൽ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹത്തിലൂടെ പെൺകുട്ടികളെ സുരക്ഷിതരാക്കാമെന്ന ചിന്തയെ തുടർന്നാണ് ഈ പ്രവൃത്തിയെന്നാണ് മാതാപിതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിലപാട്. അഫ്ഗാൻ പിടിച്ചെടുത്തതിനു പിന്നാലെ പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നത് വിലക്കുന്നതായിരുന്നു താലിബാന്റെ ആദ്യ നടപടികളിലൊന്ന്. താലിബാൻ ഭരണത്തിൽ വന്നതോടെ നിർബന്ധിത വിവാഹങ്ങളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചുവെന്ന് അഫ്ഗാൻ സാമൂഹികപ്രവർത്തക ശുക്രിയ ഷെൻസായി വ്യക്തമാക്കി. പല കുടുംബങ്ങളും താലിബാനികളുടെ നിർബന്ധിത വിവാഹത്തിൽ നിന്ന് പെൺകുട്ടികളെ മോചിപ്പിക്കാൻ നേരത്തെ വിവാഹം ചെയ്ത് അയക്കുന്നതിലേക്കെത്തുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തക ഷെൻസായി പറഞ്ഞു.
സുരക്ഷിതത്വത്തിനു വേണ്ടി ചെയ്യുന്നതാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ കുടുംബഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. പ്രായപൂർത്തിയാകുന്നതിനു മുമ്പു നടത്തുന്ന വിവാഹവും നിർബന്ധിതമായി നടത്തുന്ന വിവാഹവും കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതിനൊപ്പം പെൺകുട്ടികളുടെ ജീവിതവും ഇരുട്ടിലുമാക്കുന്നു – ഷെൻസായി ആർഎഫ്ഇ-ആർഎല്ലിനോട് പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷണ സമിതിയും ഇതേ കണക്കുകളാണ് മുന്നോട്ടു വയ്ക്കുന്നത്. സാമ്പത്തികമായ പ്രതിസന്ധിയും സ്ത്രീകൾക്ക് വിദ്യാഭ്യാസപരവും തൊഴിൽപരവുമായ സാധ്യതകളുടെ അഭാവവുമാണ് ഇത്തരം നിർബന്ധിത വിവാഹങ്ങൾക്കു കാരണമെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഗവേഷക, നിക്കോളറ്റ് വാൾഡ്മാൻ വ്യക്തമാക്കുന്നത്. പലർക്കും താലിബാനെതിരെ ഒരു ബദൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തു വയസുള്ള പെൺകുട്ടിയെ 4000 ഡോളറിന് വരെ മാതാപിതാക്കൾ വിൽക്കുന്ന സംഭവവുമുണ്ടായിട്ടുണ്ടെന്ന്, സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മർസിയ നുർസായി പറഞ്ഞു. സ്‌കൂളുകൾ പുനരാരംഭിച്ചില്ലെങ്കിൽ പെൺകുട്ടികളുടെ പ്രതീക്ഷകളും ആത്മാഭിമാനവും ഇല്ലാതാകുമെന്നും നുർസായി വ്യക്തമാക്കി. ലഹരിക്ക് അടിമകളായവരെക്കൊണ്ടു വരെ പെൺകുട്ടികളെ വലിയ സ്ത്രീധനം കൈമാറി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ വെളിപ്പെടുത്തുന്നത്.