Tuesday, November 26, 2024

കാനറികളെ പരാജയപ്പെടുത്തി കാമറൂൺ പുറത്തേക്ക്

ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ പ്രേമികളുടെ കണ്ണ് നനച്ച് ആദ്യ റൗണ്ട് മത്സരങ്ങൾക്ക് വിരാമം. അവസാന ഘട്ട മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇറങ്ങി തിരിച്ച കാനറികളുടെ വിജയ സ്വപ്നങ്ങളെ പിഴുതെറിഞ്ഞ പോരാട്ടമാണ് കാമറൂൺ പുറത്തെടുത്തത്.

വമ്പന്മാരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിലൂടെ ലോകവേദിയിൽ പരാജയപ്പെടുത്തിയെങ്കിലും കാമറൂൺ നാട്ടിലേക്ക് വീരോചിതമായി മടങ്ങാനാണ് വിധി. പക്ഷേ ഈ വിജയം നിസാരമല്ല എന്ന് ബ്രസീൽ ആരാധകർ പോലും വിധി എഴുതിക്കഴിഞ്ഞു. ആഫ്രിക്കൻ ടീമായ കാമറൂണിനെതിരെ രണ്ടാം നിര ടീമിനെയാണ് കളത്തിലിറക്കിയത് എന്ന വാദം ബ്രസീൽ മുഴക്കുമ്പോളും ഒന്നിനൊന്ന് മെച്ചപ്പെട്ട ടീം തന്നെയായിരുന്നു ഒരോ പൊസിഷനിലും ബ്രസീൽ കോച്ച് വിന്യസിച്ചത്.

പ്രീ ക്വട്ടർ ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യൻ പട്ടം ലക്ഷ്യമിട്ടാണ് ഇറങ്ങിയതെന്ന് കാനറികളുടെ ആദ്യ കുതിപ്പുകളിൽ നിന്നും വ്യക്തമാണ്. റോഡ്രിഗോ, മാർട്ടിനെല്ലി എന്നിവരുടെ കുതിപ്പുകൾക്ക് തടയിടാൻ ആദ്യ നിമിഷങ്ങളിൽ ആഫ്രിക്കൻ പട നന്നെ വിയർത്തു. ഫൗളുകളുടെ ബലത്തിൽ ആദ്യ മിനിട്ടുകളിലെ അപകടം തടഞ്ഞ ആഫ്രിക്കൻ സംഘത്തിന് മൂന്ന് മഞ്ഞ കാർഡുകൾ റഫറി നൽകി. ജീവൻമരണ പോരട്ടത്തിന് ഇറങ്ങിയ കാമറൂൺ മികച്ച നീക്കങ്ങളാണ് നടത്തിയത്. 20-ാം മിനിട്ടിലെ ചുപ്പോ മോട്ടീംഗിൻറെ നീക്കമായിരുന്നു അതിൽ പ്രധാനപ്പെട്ടത്.

ഇഞ്ചുറി ടൈമിലും കാമറൂൺ അതിഗംഭീര ആക്രമണങ്ങൾ നടത്തി. ബ്രസീലിനെതിരെ ഈ ലോകകപ്പിലെ ആദ്യ ഓൺ ടാർഗറ്റ് ഷോട്ട് എംബുമോയുടെ ബൂട്ടിൽ നിന്നുമാണ് തൊടുത്തത്. രണ്ടാം പകുതിയിലും കാനറികളെ നിഷ്ഫലമാക്കി കാമറൂൺ പോരാട്ടം കടുപ്പിക്കുകയായിരുന്നു. ഒടുവിൽ അധിക സമയത്തിന്റെ രണ്ടാം മിനിറ്റിലാണ് ബ്രസീലിനെ ഞെട്ടിച്ച കാമറൂൺ ഗോൾ പിറന്നത്.
കാനറികൾക്കെതിരെ ശക്തമായ ആക്രമണൾ നടത്തി വിജയം കൈയ്യിലൊതുക്കിയിട്ടും സ്വിറ്റ്‌സർലൻഡ് സെർബിയയെ തകർത്തതോടെയാണ് കാമറൂണിന്റെ പ്രീക്വാർട്ടർ മോഹങ്ങൾക്ക് അന്ത്യമായത്. എന്നാൽ 5 തവണ ലോക ചാമ്പ്യൻമാർ ആയ ബ്രസീലിനെതിരെ ക്ലീൻ ഷീറ്റ് നിലനിർത്തിയെന്ന നേട്ടവും അവരുടെ മടക്കം വീരോചിതമാക്കുന്നു. തോറ്റെങ്കിലും ബ്രസീൽ തന്നെയാണ് ഗ്രൂപ്പ് ജി ചാമ്പ്യന്മാർ.

ലോകകപ്പ് പ്രീ ക്വർട്ടർ മത്സരത്തിൽ ഇന്ന് നെതർലാൻറ്സ്- യുഎസ്എ യെ നേരിടും. പുലർച്ചെ 12.30 ന് നടക്കുന്ന മത്സരത്തിൽ അർജൻറിനക്ക് ഓസ്‌ട്രേലിയയാണ് എതിരാളികൾ.

Latest News