വിപുലമായ ഒരുക്കങ്ങളോടെ ഈ വർഷത്തെ നാവികസേനാ ദിനം ആചരിക്കൻ ഒരുങ്ങുന്നു. ഡിസംബർ നാല് ഞായറാഴ്‌ച വിശാഖപട്ടണത്താണ് ഈ വർഷത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിച്ച വേളയിൽ ഇന്ത്യൻ നാവികസേന അവരുടെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കാനുള്ള അഭ്യാസത്തിന് ഒരുങ്ങുകയാണെന്നാണ് വിവരം.
മുൻപ് രാഷ്ട്രപതിയുടെയും മറ്റ് വിശിഷ്‌ട വ്യക്തികളുടെയും സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ വച്ചാണ് നാവിക സേനാ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ ഈ വർഷം ആദ്യമായാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
1971ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ ‘ഓപ്പറേഷൻ ട്രൈഡന്റ്’ വിജയത്തെ അനുസ്‌മരിക്കുന്നതിനും, ഇന്ത്യൻ നാവികസേനയുടെ പങ്കാളിത്തം അംഗീകരിക്കുന്നതിനുമാണ് നാവിക ദിനം ആഘോഷിക്കുന്നത്. ചടങ്ങുകളോടനുബന്ധിച്ച് ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ, കിഴക്കൻ, ദക്ഷിണ നാവിക കമാൻഡുകളിൽ പ്രത്യേക വിഭാഗങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ എന്നിവയും, സേനയുടെ കഴിവും വൈദഗ്ധ്യവും പ്രദർശിപ്പിക്കും.