കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുളള വാദ പ്രതിവാദങ്ങൾക്ക് ഒടുവിൽ കഴക്കൂട്ടം എലവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നു നൽകി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മേൽപ്പാലം തുറന്ന് നൽകാൻ തീരുമാനിച്ചത്.
2018 ഡിസംബറിൽ ആരംഭിച്ച എലവേറ്റഡ് ഹൈവേയുടെ നിർമ്മാണം രണ്ടുവർഷം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മവും കോവിഡും കാരണം നിർമ്മാണം പൂർത്തിയാക്കുന്നത് വൈകുകയായിരുന്നു. നിർമ്മാണം പൂർത്തിയായതിന് ശേഷവും ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അഭിപ്രായ വ്യത്യസത്തെ തുടർന്ന് മേൽപ്പാലം തുറന്നുകൊടുക്കാൻ വൈകുകയായിരുന്നു.
തുടർന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെക്കൊണ്ട് നവംബർ 29 ന് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചെങ്കിലും രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചടങ്ങ് മാറ്റിവയ്ക്കേണ്ടതായി വന്നു. എന്നാൽ ഹൈവേ തുറന്നുകൊടുക്കുന്നതിൽ അനിശ്ചിതത്വം നേരിട്ടതിനെ തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. ഇതിനെത്തുടർന്നാണ് മേലപ്പാലം തുറക്കാൻ തീരുമാനിച്ചത്. ജനപ്രതിനിധികളുടെ അസാന്നിധ്യത്തിലാണ് റോഡ് തുറന്ന് നൽകിയത്.
അതേസമയം കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് ഉണ്ടാകുമെന്ന് വട്ടീയൂർക്കാവ് എം. എൽ എ വി.കെ പ്രശാന്ത് പ്രതികരിച്ചു. മേൽപ്പാലം തുറന്നതോടെ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്ന ഖ്യാതിയും കഴക്കുട്ടം മേൽപ്പാലത്തിന് ലഭിച്ചു. 2.72 കിലോമിറ്റർ നീളമുള്ള ഹൈവേയുടെ ചിലവ് 195.5 കോടി രൂപയാണ്.