ഇന്ത്യൻ സോഷ്യൽ മീഡിയ കമ്പനിയായ ഷെയർചാറ്റ് ഏകദേശം അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ കീഴിലുള്ള ‘Jeet11’ എന്ന ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോം അടച്ചുപൂട്ടിയതായും ഷെയർചാറ്റ് സ്ഥിരീകരിച്ചു. ഷെയർചാറ്റിന്റെ ‘Jeet11’ മറ്റ് ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമുകളായ Dream11, മൊബൈൽ പ്രീമിയർ ലീഗ് എന്നിവയുടെ എതിരാളിയായാണ് അവതരിപ്പിച്ചിരുന്നത്. ട്വിറ്റർ, ഗൂഗിൾ, സ്‌നാപ്, ടൈഗർ ഗ്ലോബൽ എന്നിവയാണ് ഷെയർചാറ്റിനെ പിന്തുണയ്ക്കുന്നവ. കമ്പനിയിൽ ഏകദേശം 2300 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
“ഒരു സ്‌റ്റാൻഡേർഡ് ബിസിനസ് പ്രാക്‌ടീസ് എന്ന നിലയിൽ, ഞങ്ങളുടെ പ്രവർത്തനം ഇടയ്ക്കിടെ വിലയിരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഞങ്ങൾ ‘Jeet11’ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്നും ചില പദ്ധതികൾ പുനഃസംഘടിപ്പിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാൻ കഴിയും. ഇതിൽ ജീവനക്കാരുടെ പുറത്തുപോകലും ഉൾപ്പെടുന്നു” ഷെയർചാറ്റ് വക്താവ് ഐഎഎൻഎസിനോട് വ്യക്തമാക്കി.
അഞ്ച് ശതമാനത്തിൽ താഴെ ജീവനക്കാരെയാണ് ഇത് ബാധിച്ചത് എന്നും വക്താവ് കൂട്ടിച്ചേർത്തു. 2300 ജീവനക്കാരിൽ 100 ലധികം ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്.