വർഗീയ കലാപത്തിന് കാരണമായ 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാർ. പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.
പ്രതികളിൽ ചിലർ കല്ലെറിയുക മാത്രമാണ് ചെയ്തതെന്നും വർഷങ്ങളോളം ജയിലിൽ കഴിഞ്ഞവരുമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാനുള്ള നിർദേശം സുപ്രീംകോടതി മുന്നോട്ട് വെച്ചപ്പോഴാണ് സർക്കാർ എതിർപ്പ് അറിയിച്ചത്. കേസിലെ പ്രതികൾ കല്ലെറിയൽ മാത്രമല്ല നടത്തിയതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. അതുകൊണ്ട് തന്നെ പ്രതികളോട് മൃദുവായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ വാദം. 2018 മുതൽ 31 പ്രതികളുടെ അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കേസിലെ 15 പ്രതികളുടെ ജാമ്യാപേക്ഷ ഡിസംബർ 15ന് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും ഉൾപ്പെട്ട ബെഞ്ച് ഗുജറാത്ത് സർക്കാരിനോട് നിലപാട് ചോദിച്ചത്. കല്ലെറിയുക എന്നത് മാത്രമായിരുന്നില്ല ഈ കേസെന്ന് ചൂണ്ടിക്കാട്ടിയ തുഷാർ മേത്ത, കത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങാതിരിക്കാനായി മനഃപൂർവം കല്ലെറിയുകയായിരുന്നുവെന്നും കോടതിയെ അറിയിച്ചു.