റഷ്യൻ എണ്ണക്കു ബാരലിനു 60 ഡോളർ നിരക്ക് നിശ്ചയിച്ച് ജി 7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും. പുതിയ നിരക്ക് തിങ്കളാഴ്ച മുതൽ നിലവിൽ വരും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാനുള്ള തീരുമാനത്തെ യൂറോപ്യൻ യൂണിയൻ പിന്തുണച്ചത്.
എന്നാൽ യൂറോപ്യൻ യൂണിയൻ നിശ്ചയിക്കാൻ ഉദ്ദേശിക്കുന്ന വിലക്ക് താഴെയാണ് റഷ്യ എണ്ണ വിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പോളണ്ട്, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങി രാജ്യങ്ങൾ തീരുമാനത്തെ എതിർത്തു. 55 ഡോളറിനാണ് കഴിഞ്ഞയാഴ്ച റഷ്യ വിവിധ രാജ്യങ്ങൾക്ക് എണ്ണ വിറ്റത് എന്നും അവർ ചൂണ്ടിക്കാട്ടി. റഷ്യൻ എണ്ണവില പരിധി നിശ്ചയിച്ച തീരുമാനം തങ്ങളെ ബാധിക്കില്ലെന്ന രീതിയിലാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ പ്രതികരണം. അതേസമയം, വിലപരിധി തീരുമാനം വിലകുറഞ്ഞ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളെ ഗുരുതരമായി ബാധിക്കില്ലെന്നാണ് ആദ്യഘട്ടവിലയിരുത്തൽ.