ഹിജാബ് ധരിക്കാതെ വിദേശ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച കായിക താരത്തിൻറെ വീട് ഇടിച്ചു നിരത്തി ഇറാൻ ഗവൺമെൻറ്. ഇറാനിയൻ ക്ലൈംബിങ്ങ് താരമായ എൽനാസ് റക്കാബിയുടെ കുടുംബ വീടാണ് ഗവൺമെൻ്‍റ് ഇടിച്ചു നിരത്തിയത്.
മഹ്സ അമ്നി എന്ന ഇറാനിയൻ പെൺകുട്ടി മത പോലീസിന്റെ കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടതിനെത്തുടർന്ന് വ്യാകമായ പ്രതിഷേധം രാജ്യത്ത് ഉയർന്നുവന്നിരുന്നു. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മഹ്സയെ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് ഉണ്ടായ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് ഇറാനിയൻ താരം റക്കാബി ഹിജാബില്ലാതെ മത്സരിച്ചത്. കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു ഇത്. ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ചതിന് റക്കാബി നാട്ടിൽ തിരികെ എത്തിയ ശേഷം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
അതേസമയം വീട് പൊളിച്ചത് പ്രതികാര നടപടികളുടെ ഭാഗമായിട്ടല്ല മറിച്ച് കെട്ടിടത്തിൻറേത് അനധികൃത നിർമ്മാണമായതുകൊണ്ടെന്നാണ് ഇറാൻ ഗവൺമെൻറിൻറെ പ്രതികരണം. എന്നാൽ പ്രതികാര നടപടികളുടെ ഭാഗമായിട്ടാണ് കെട്ടിടം പൊളിച്ചതെന്ന് ആരോപിച്ച് നിരവധി അളുകളാണ് രംഗത്തെത്തിയത്. മുൻപ് ഇറാനിയൻ അഭിനേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതും വലിയ വാർത്തയായിരുന്നു.