ഛത്തീസ്ഗഡിലെ ആശുപത്രിയിൽ പവർകട്ടിനെ തുടർന്ന് നവജാത ശിശുക്കൾ മരിച്ചു. സർഗുജയിലുള്ള അംബികാപൂർ സർക്കാർ മെഡിക്കൽ കോളേജിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച രണ്ട് വയസ്സിനും 36 ദിവസത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
പവർ കട്ടിനെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ആശുപത്രിയിൽ വെൻറിലേറ്ററുകളുടെയും ഓക്സിജൻ സപ്പോർട്ട് സിസ്റ്റത്തിൻറെയും പ്രവർത്തനം നിലച്ചതിനെ തുടർന്ന് നാല് കുട്ടികളാണ് മരിച്ചത്.
അപകടത്തിൽ ഇരയായ മറ്റ് കുട്ടികളുടെ നില ഗുരുതമായി തുടരുകയാണ്. എല്ലാവരും നിരീക്ഷണത്തിലാണെന്നും മരിച്ച നാല് കുട്ടികളുടെയും ഭാരം ഒന്നുമുതൽ രണ്ട് കിലോഗ്രാം വരെ മാത്രമായിരുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയിൽ 45 മിനുട്ടോളം ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെയാണ് നാല് കുട്ടികൾ മരിച്ച വിവരം അധികൃതർ വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നും ഒരു ദിവസം ശേഷമാണ് വിവരം അവരെ അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ സംസ്ഥാനത്തെ ആരോഗ്യ മന്ത്രി ടി എസ് സിംഗ്ദേവ് ഉന്നതതല അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറിയോട് നിർദ്ദേശിച്ചു. തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും മരിച്ച കുട്ടികളുടെ ബന്ധുക്കളെ കാണുന്നതിനും സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനും വേണ്ടി അംബികാപൂരിലേയ്ക്ക് യാത്ര തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.