Monday, November 25, 2024

പിപിഇ കിറ്റ് അഴിമതി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ലോകായുക്ത നോട്ടീസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്ത നോട്ടീസ് റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ അടക്കുമുളളവര്‍ക്കെതിരെ ലോകായുക്തക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 500 രൂപ മാത്രം വിലമതിക്കുന്ന പിപിഇ കിറ്റ് മൂന്നിരട്ടി ഉയര്‍ന്ന നിരക്കില്‍ സര്‍ക്കാര്‍ വാങ്ങിയെന്നാണ് ലോകായുക്തയുടെ പരാതി. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ് നായരാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. കെ കെ ശൈലജ, മുന്‍ ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തരസാഹചര്യത്തിലാണെന്നും മരുന്നുപോലുമില്ലാത്ത ഘട്ടത്തില്‍ അന്ന് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെന്നും പറഞ്ഞാണ് കെ കെ ശൈലജ ആരോപണങ്ങള്‍ തള്ളിയത്. 550 രൂപയ്ക്ക് ലഭിച്ചിരുന്ന പിപിഇ കിറ്റിന് 1550 രൂപയ്ക്ക് കെഎംഎസ്സിഎല്‍ കരാര്‍ മറിച്ച് നല്‍കിയെന്നാണ് ആരോപണം. കരാര്‍ നല്‍കിയത് കടലാസ് കമ്പനിക്കെന്നും ആരോപണമുണ്ട്. ഒരു പിപിഇ കിറ്റ് 550 രൂപയ്ക്കാണ് കെറോണ്‍ എന്ന കമ്പനി നല്‍കിയിരുന്നത്. കിറ്റിന് ആവശ്യമുയര്‍ന്നപ്പോഴും മനഃപൂര്‍വ്വം കെറോണിന് കരാര്‍ നല്‍കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

Latest News