61-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കലോത്സവത്തിന് കോഴിക്കോട് ജില്ല ആതിഥേയത്വം വഹിക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി. ശിവൻകുട്ടിയും മന്ത്രി പി.എ.മുഹമ്മദ് റിയാസും ചേർന്നാണ് നിര്‍വഹിച്ചത്
കലയുടെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടത്തില്‍ 239 ഇനങ്ങളിലായി ഹയർ സെക്കൻഡറി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്ന് 14,000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം, സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് കലോത്സവം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാം വണ്ണം ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിർദ്ദേശിച്ച് സംഘാടകര്‍ പത്രപരസ്യം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 26 ലോഗോകളാണ് ലഭിച്ചത്. ലോഗോ പ്രകാശന ചടങ്ങില്‍ ബഹു. മന്ത്രി അഹമ്മദ് ദേവർകോവിലും കോഴിക്കോട് ജില്ലയിലെ എം എൽ എമാരും പങ്കെടുത്തു.