Monday, November 25, 2024

അന്താരാഷ്ട്ര ചലച്ചിത്ര മേള: അണിഞ്ഞൊരുങ്ങി അനന്തപുരി

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായി അനന്തപുരി അണിഞ്ഞൊരുങ്ങി. ദൃശ്യവിസ്മയങ്ങളും സംഗീതവും ബൗദ്ധികാവിഷ്‌കാരങ്ങളുമായി കേരള ചലച്ചിത്ര അക്കാദമിയുടെ ഇരുപത്തിയേഴാമത്‌ ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരിതെളിയും. വൈകിട്ട് 3.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക.

ഡിസംബർ ഒമ്പത് മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന രാജ്യന്തര മേളയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിനും മേള വേദിയാവും.

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് ഇത്തവണത്തെ വിശിഷ്ടാതിഥി. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി നടക്കും. സംഗീത പരിപാടിക്കു ശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദർശിപ്പിക്കും.

സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ എക്സിക്യുട്ടീവ് ഡയറക്ടറും അക്കാദമി സെക്രട്ടറിയുമായ സി.അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ എന്നിവർ പങ്കെടുക്കും.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ രണ്ട് എക്സിബിഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. പുനലൂർ രാജന്റെ 100 ഫോട്ടോകളുടെ പ്രദർശനമായ ‘അനർഘനിമിഷം’, സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിന്റെ 110 ഫോട്ടോകളുടെ പ്രദർശനമായ ‘സത്യൻ സ്മൃതി’ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ എല്ലാ ദിവസവും രാത്രി 8.30 ന് ടാഗോറിൽ കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. മുൻനിര മ്യൂസിക് ബാൻഡുകളുടെ സംഗീതപരിപാടി, ഗസൽ സന്ധ്യ, ഫോക് ഗാനങ്ങൾ, കിഷോർ കുമാറിനും ലതാ മങ്കേഷ്‌കറിനുമുള്ള സംഗീതാർച്ചന എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ്.

Latest News