Tuesday, November 26, 2024

വോട്ടർ പട്ടിക പുതുക്കൽ കാലാവധി ഡിസംബർ 18 വരെ നീട്ടി

സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി. ഡിസംബർ 18 വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം നീട്ടി നൽകിയിരിക്കുന്നത്.

കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാൻ ഇന്നലെ (ഡിസംബർ എട്ട്) വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സമയപരിധി നീട്ടി നൽകണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഇതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ സമയം നീട്ടി നൽകാൻ തീരുമാനിച്ചത്.

‘വോട്ട് ചെയ്യാൻ അർഹരായ മുഴുവൻ ആളുകളേയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും, മരണപ്പെട്ടവരേയും താമസം മാറിയവരേയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഏജൻറുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണം’ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

അതേസമയം നിലവിൽ 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 18 വയസ് പൂർത്തിയായ ശേഷം അർഹത പരിശോധിച്ച് വോട്ടർ പട്ടികയിൽ ഇടം നൽകും. അപേക്ഷകൾ www.nvsp.in , വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് അല്ലെങ്കിൽ www.ceo.kerala.gov.in വഴിയോ സമർപ്പിക്കാം.

Latest News