Tuesday, November 26, 2024

ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ റഷ്യയ്ക്കു കൈമാറി ബ്രിട്നിയെ മോചിപ്പിച്ച് യു എസ്

കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ റഷ്യയ്ക്ക് വിട്ടുനൽകി ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രൈനറെ അമേരിക്ക മോചിപ്പിച്ചു. ഇരുരാജ്യങ്ങളിലും ജയിലിലായിരുന്ന ഇവരെ ദുബായിൽ വച്ചാണ് കൈമാറിയത്. ബ്രിട്ട്‌നി ഗ്രൈനർ സുരക്ഷിതയാണെന്നും യു.എ.ഇ.യിൽനിന്ന് യാത്രതിരിച്ചതായും യു.എസ്. പ്രസിഡന്റ് ജോ ബൈഡനും വിക്ടർ ബൗട്ട് നാട്ടിലെത്തിയതായി റഷ്യൻ വിദേശകാര്യമന്ത്രാലയവും അറിയിച്ചു.

അമേരിക്കയിലെ ബാസ്‌ക്കറ്റ്‌ബോൾ സൂപ്പർതാരമായ ബ്രിട്ട്‌നി ഗ്രൈനർ ഈ വർഷം ഫെബ്രുവരിയിലാണ് മോസ്‌കോ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്. കഞ്ചാവ് ഓയിൽ കൈവശം വച്ചതിനു അറസ്റ്റ് ചെയ്യപ്പെട്ട താരത്തെ റഷ്യയിലെ കോടതി ഓഗസ്റ്റ് നാലാം തീയതി ഒമ്പത് വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. ‘മരണത്തിന്റെ വ്യാപാരി’യെന്ന പേരിൽ അറിയപ്പെട്ടിരുന്ന വിക്ടർ ബൗട്ടിനെ 2008-ൽ തായ്‌ലാൻഡിലെ ബാങ്കോക്കിൽനിന്നാണ് അമേരിക്ക അറസ്റ്റ് ചെയ്യുന്നത്. വിക്ടറിനെ പിടികൂടിയത് റഷ്യൻ സർക്കാരിനെ അന്നേ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ 12 വർഷമായി അമേരിക്കയിൽ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ.

25 വർഷം തടവിന് ശിക്ഷിച്ച വിക്ടറിനെ വിട്ടയച്ചതിനെതിരേ യു.എസിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത് കൈമാറ്റമെല്ലെന്നും ബൈഡൻ ഭരണകൂടത്തിന്റെ കീഴടങ്ങലാണെന്നും വൈറ്റ് ഹൗസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പ്രതികരിച്ചു. രണ്ടു തവണ ഒളിംപിക് സ്വർണ മെഡൽ നേടിയ യുഎസ് ടീം അംഗവും വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ഫീനിക്സ് മെർക്കുറി ടീമിലെ സൂപ്പർ താരവുമായിരുന്നു ബ്രിട്ട്‌നി ഗ്രൈനർ.

Latest News