ഇന്ന് ഡിസംബർ 10. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. 1948- ൽ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാർവ്വത്രിക പ്രഖ്യപനം നടത്തിയ ദിനമാണ് ഡിസംബർ 10. ഇതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് എല്ലാ വർഷവും ഈ ദിനം ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്. സാമൂഹ്യവും സാംസ്കാരികവും ഭൗതികവുമായ അവകാശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുകയും ഒപ്പം എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുകയുമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ ലക്ഷ്യം. ഈ വർഷം ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഏഴുപത്തിനാലാം വർഷമാണ് ആചരിക്കുന്നത്.
‘അന്തസ്, സ്വാതന്ത്ര്യം, എല്ലാവർക്കും നീതി’ എന്നതാണ് ഈ വർഷത്തിലെ മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം. ഇതു കൂടാതെ, മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുക എന്ന ആഹ്വാനവും ഈ ദിനം നൽകുന്നുണ്ട്. എല്ലാവർക്കുമായി തുല്യ അവസരങ്ങൾ സൃഷ്ടിക്കാനും അസമത്വം, ഒഴിവാക്കൽ, വിവേചനം എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഈ ഓർമ്മപ്പെടുത്തൽ സാഹായിക്കും. വംശം, നിറം, മതം, ലിംഗഭേദം, ഭാഷ, രാഷ്ട്രീയം തുടങ്ങിയ വ്യത്യസ്തതകൾക്കപ്പുറം നിന്നുകൊണ്ട് എല്ലാ മനുഷ്യർക്കും അർഹതയുള്ള സമ്പൂർണ്ണ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ എന്ന് ഈ ദിനം നമ്മെ ഓർമ്മപ്പിക്കുന്നു.
അസമത്വം, ദുരുപയോഗം, വിവേചനം എന്നിവ തടയാനും സമൂഹത്തിൽ അശരണരായവരെ സംരക്ഷിക്കാനും മനുഷ്യാവകാശലംഘനം നടത്തുന്നവരെ ശിക്ഷിക്കാനും അധികാരമുള്ള 47 അംഗരാജ്യങ്ങളാണ് മനുഷ്യാവകാശ കൗൺസിലിലുള്ളത്. ഈ രാജ്യങ്ങൾ ലോകത്താകമാനമായി സമാധാനം പുനഃസ്ഥാപിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാധാരണക്കാർക്കെതിരായുള്ള അടിച്ചമർത്തലുകൾ ഇല്ലാതാക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ഈ വർഷത്തെ ലോക മനുഷ്യാവകാശ ദിനം കടന്നുപോകുന്നത് ഏറെ പ്രതിസന്ധികളിലൂടെയാണ്. സാധാരണക്കാരുടെ അവകാശങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിലവിളികൾ ഉയരുകയാണ്. യുദ്ധവും കോവിഡ് മഹാമാരി അവശേഷിപ്പിച്ച സാമ്പത്തിക ആരോഗ്യപ്രതിസന്ധികളും പട്ടിണിയും വലയ്ക്കുന്ന ലോകത്തിലാണ് ഇന്ന് നാം. ആഭ്യന്തരയുദ്ധങ്ങൾ, പ്രക്ഷോഭങ്ങൾ, പ്രതിഷേധങ്ങൾ, അടിച്ചമർത്തലുകൾ, നീതിനിഷേധത്തിന്റെയും അവകാശലംഘനത്തിന്റെയും പ്രവർത്തികൾ എന്നിവയൊക്കെ വർദ്ധിക്കുമ്പോൾ ഈ മനുഷ്യാവകാശ ദിനവും നാമെല്ലാവരും ഒന്നാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കടന്നുപോവുകയാണ്.