റഷ്യൻ അധീനതയിലുള്ള മേഖലകളിൽ ഉക്രെയ്ന്റെ മിസൈൽ ആക്രമണം. സ്വയംപ്രഖ്യാപിത മേഖലയായ ഡൊണെറ്റ്സ്കിലും ക്രൈമിയയിലും റഷ്യൻ സൈനിക ബാരക്കുകളിൽ ഉൾപ്പെടെ ആക്രമണം നടന്നതായി മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. മെലിറ്റോപ്പോളിനുനേരെ ശനിയാഴ്ച മുതൽ ഉക്രെയ്ൻ ആക്രമണം നടത്തിയിരുന്നു.
മെലിറ്റോപോളിനുനേർക്ക് നാലു മിസൈലുകളാണ് വന്നതെന്ന് റഷ്യൻ ഭരണകൂടം പറയുന്നു. സംഭവത്തിൽ രണ്ടു പേർ മരിക്കുകയും 10 പേർക്കു പരിക്കേൽക്കുകയും ചെയ്തു എന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും ഉക്രെയ്ൻ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഉക്രെയ്നു നേർക്ക് റഷ്യയുടെ മിസൈൽ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ഈ ആക്രമണം എന്നാണ് കരുതപ്പെടുന്നത്.
ക്രൈമിയൻ നഗരമായ സിംഫെറോപോളിൽ പ്രാദേശികസമയം ശനി രാത്രി ഒൻപതിനായിരുന്നു ആക്രമണം നടന്നത്. കരിങ്കടലിലെ റഷ്യൻ സേനയുടെ ആസ്ഥാനമായ സെവാസ്റ്റോപോൾ, സോവിയറ്റ്സ്കെയിലെ സൈനിക ബാരക്കുകൾ, ഹ്വാർഡിസ്കെ ഴാൻകോയ്, ന്യഴ്നിയോഹിർസ്കി എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായതായി പറയപ്പെടുന്നു. അതിനിടയിൽ മെലിറ്റോപ്പോളിലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.