കൊച്ചി-മുസിരീസ് ബിനാലെയുടെ അഞ്ചാമത് സീസണിനു ഇന്ന് തുടക്കമാകും. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലയുടെ വസന്ത കാലത്തിന് തിരി തെളിക്കും. ‘നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തില്‍ 2023 ഏപ്രില്‍ പത്തുവരെയാണ് പ്രദര്‍ശനം.
നാലു മാസം നീണ്ടുനില്‍ക്കുന്ന ബിനാലെയില്‍ ദേശീയ-അന്തര്‍ദേശിയ കലാപ്രതിഭകളാണ് സംഗമിക്കുന്നത്. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി: ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ് തുടങ്ങി പ്രദര്‍ശനത്തിനായി 14 വേദികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക.
രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി ബിനാലെയുടെ ഭാഗമാകാൻ ഇത്തവണ പത്തു ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. പത്തു മലയാളികളടക്കം 33 ഇന്ത്യന്‍ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഇന്‍സ്റ്റലേഷനുകള്‍, പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ഡിജിറ്റല്‍ കലാരൂപങ്ങള്‍ എന്നിവയുണ്ടാകും. കോവിഡിന് ശേഷം രണ്ട് വര്‍ഷം വൈകിയാണ് ബിനാലെ അരങ്ങേറുന്നത്.
ബിനാലെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ ആപ്പിലൂടെയും നേരിട്ട് കൗണ്ടറുകളില്‍ നിന്നും ബുക്ക് ചെയ്യാം. 150 രൂപയാണ് ടിക്കറ്റിന്‍റെ നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100 രൂപയുമാണ് നിരക്ക്. ഒരാഴ്ചത്തെ ടിക്കറ്റിന് 1000 രൂപയും, പ്രതിമാസ നിരക്ക് 4000 രൂപയുമാണ്. സംഗീതവും ചർച്ചകളും ശില്പശാലകളുമെല്ലാം അടങ്ങിയ കലാമാമാങ്കത്തിന്‍റെ ഇത്തവണത്തെ ക്യുറേറ്റർ ഇന്ത്യൻ വംശജയും സിംഗപ്പൂർ സ്വദേശിയുമായ ശുബിഗി റാവുവാണ്.