Monday, November 25, 2024

അഫ്ഗാനിസ്ഥാനിലെ പെൺമനസുകൾ പങ്കുവയ്ക്കുന്ന രഹസ്യങ്ങൾ

ഇറാനിൽ സ്ത്രീകൾ സമത്വത്തിനായി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടത്തുമ്പോഴും നിയമങ്ങളും നിയന്ത്രണങ്ങളും അയവുണ്ടാകുമ്പോഴും അകലെ അഫ്ഗാനിസ്ഥാനിലും പെൺമനസുകളുടെ ഉള്ളം തുടിക്കുന്നുണ്ട്. പ്രതിഷേധിക്കുവാനും സ്വാതന്ത്ര്യത്തിനായി പോരാടാനും. എന്നാൽ താലിബാൻ ഭരണത്തിന്റെ കീഴിൽ അതൊന്നും എളുപ്പമാകില്ല എന്ന യാഥാർഥ്യം അവർ അംഗീകരിക്കുകയാണ്. അടിച്ചമർത്തലുകളുടെയും അവഗണനയുടെയും ഇടയിലും അവർ സ്വപ്നം കാണുകയാണ്. തങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള സ്വപ്നങ്ങളും അവകാശങ്ങൾ അടിച്ചമർത്തുമ്പോഴുള്ള വേദനകളും അവകാശങ്ങൾ നേടിയെടുക്കാനുള്ള വെമ്പലുകളും അവരുടെ ചിന്തകളിൽ നിറയുമ്പോൾ അവർ തങ്ങളുടെ തൂലിക ചലിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ രണ്ടു വനിതാ എഴുത്തുകാർ അവരുടെ ഉള്ളുകളിൽ കുടിയിരിക്കുന്ന രഹസ്യങ്ങൾ പങ്കുവയ്ക്കുമ്പോൾ അവയ്ക്കു അന്നാട്ടിലെ ആയിരക്കണക്കിന് സ്ത്രീമനസുകളുടെ മുഖം കൈവരുകയാണ്…

പിങ്ക് സ്കാർഫ്

പിങ്ക് നിറത്തിലുള്ള സ്കാർഫ് ധരിക്കുവാനും തിരഞ്ഞെടുക്കുവാനും പരാന്ത എന്ന അപര നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരി ഇഷ്ടപ്പെടുന്നു. എന്നാൽ ഇന്ന് അഫ്ഗാനിസ്ഥാനിൽ പിങ്ക് നിറത്തിൽ ഉള്ള വസ്ത്രം ധരിക്കുന്ന സ്ത്രീകൾ യുദ്ധക്കളത്തിൽ നിൽക്കുന്നതിനു സമമാണ്. താലിബാൻ ഭരണത്തിന് കീഴിൽ ഇഷ്ട നിറമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാൻ പോലും സ്ത്രീകൾ ഭയപ്പെടുന്നു. ഇവിടെ സ്ത്രീകൾ ഹിജാബിനെതിരെ പോരാടുന്നില്ല. അത് ധരിക്കാതിരിക്കാനായി ശ്രമങ്ങൾ നടത്തുന്നുമില്ല. എങ്കിലും ഇഷ്ടപ്പെട്ട വസ്ത്രം, നിറം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം മാത്രമാണ് ചോദിക്കുന്നത്. അതുപോലും നിരാകരിക്കപ്പെടുകയാണ്. തെരുവുകളിലും വഴികളിലും പിങ്ക് സ്കാർഫ് ധരിക്കുവാനുള്ള ആഗ്രഹം അത് ഇരുളിൽ ഒരു നക്ഷത്രം പോലെ പരാന്തയുടെ ഉള്ളിൽ തെളിയുന്നു.

തിരിച്ചുപോക്ക് അസാധ്യം

“പിന്നോട്ട് പോകുന്നത് എളുപ്പമല്ല. മുന്നോട്ട് പോകുന്നതും വലിയ ബുദ്ധിമുട്ടാണ്, ഞാൻ പ്രതീക്ഷയുള്ളവനായിരിക്കണോ വേണ്ടയോ? അറിയില്ല” കവയിത്രി ഹഫീസുള്ള ഹമീം എഴുതുന്നു.

അപൂർവമായ പൊതു പ്രതിഷേധങ്ങളിൽ അഫ്ഗാൻ വനിതകളാണ് നേതൃത്വം നൽകുന്നത്. “അപ്പം, ജോലി, സ്വാതന്ത്ര്യം” എന്ന് എഴുതിയ ബാനറുകൾ ഉയർത്തി കാബൂളിലും മറ്റ് നഗരങ്ങളിലും ചെറിയ ധീരരായ ജനക്കൂട്ടം തെരുവിലിറങ്ങി. അവരെ ബലം പ്രയോഗിച്ച് പിരിച്ചുവിടുകയും തടവിലാക്കുകയും ചെയ്തു. ചിലർ തടങ്കലിൽ അപ്രത്യക്ഷരായി. ഇറാനിൽ ഹിജാബ് പൂർണ്ണമായും നിരോധിക്കുവാനായി ജനക്കൂട്ടം ശബ്ദമുയർത്തുമ്പോൾ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ അടിസ്ഥാന ആവശ്യങ്ങളായ ജോലിക്കും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് വാദിക്കുന്നത്. അങ്ങനെ വാദിക്കുന്നവർ പലപ്പോഴും പുറം ലോകം കാണിക്കുകയില്ല എന്ന വാശിയിലാണ് താലിബാൻ.

രോക്ഷമായി മാറുന്ന ഭീതി

“താലിബാൻ ഗാർഡ് ഞങ്ങളുടെ ഓഫീസ് കാർ നിർത്തി, അവൻ എന്നെ ചൂണ്ടി… എന്റെ ഹൃദയമിടിപ്പ് വേഗത്തിലായി, എന്റെ ശരീരം വിറച്ചു. ഒരു കാറ്റ് എനിക്ക് കുറുകെ വീശുന്നത് പോലെ തോന്നി… ഞങ്ങളുടെ കാർ അകന്നപ്പോൾ കാറ്റ് മറ്റൊരു ദിശയിലേക്ക് നീങ്ങിയ പോലെ തോന്നി. എന്റെ ഭയം ദേഷ്യമായി മാറി.” എന്ന അഫ്ഗാൻ വനിതയുടെ വാക്കുകളിൽ നാളെ ഒരിക്കൽ രോക്ഷമായി മാറാവുന്ന ഭീതിയുടെ സൂചനകൾ ഒളിഞ്ഞിരിപ്പുണ്ട്. പുരുഷന്മാരുടെ അകമ്പടി ഇല്ലാതെ പുറത്തിറങ്ങാൻ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് അവകാശമില്ല. ഇത് പലപ്പോഴും സ്ത്രീകളെ വീടുകളിലേയ്ക്ക് ഒതുക്കുന്നതിനു കാരണമായി മാറുന്നു.

പെരുകുന്ന ബാലവിവാഹങ്ങൾ

“പബ്ലിക് ബാത്ത് ഉടമയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. അവൾക്ക് 13 വയസ്സ് മാത്രം. താലിബാൻ ഒരിക്കലും സ്‌കൂളുകൾ തുറക്കില്ലെന്ന് അവളുടെ അമ്മ പറയുന്നു, അവളുടെ ഭാഗ്യത്തിന്റെ വീട്ടിലേക്ക് പോകട്ടെ എന്ന് അവർ പറയുന്നു. ആ കൊച്ചു പെൺകുട്ടി ഞാനാണെന്ന് എനിക്ക് തോന്നി. ആദ്യമായി താലിബാൻ വന്നപ്പോൾ ഞാൻ നിരാശയിലായിരുന്നു. കാരണം എനിക്കും നിർബന്ധിത വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. ആ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. പക്ഷേ ഞാൻ ചാരത്തിൽ നിന്ന് എഴുന്നേറ്റു നിന്നു.” പരാന്തയുടെ വാക്കുകൾ അവിടുത്തെ പെൺകുട്ടികളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്ന ബാലവിവാഹങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നു.

1990-കളിലെ താലിബാൻ ഭരണം സ്ത്രീകളുടെ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് താലിബാന്റെ കീഴിൽ നിന്ന് മോചിതരായപ്പോൾ മറ്റു പലരെയും പോലെ പരാന്തയും വിവാഹമോചനം നേടുകയും സ്‌കൂളിൽ പോവുകയും ചെയ്തു. പുതിയ തലമുറയിലെ സ്കൂൾ വിദ്യാർത്ഥിനികൾ ഇതിലും വലിയ സ്വപ്നങ്ങളുമായി വളർന്നു വന്നിരുന്നവരാണ്. എന്നാൽ സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ അവരുടെ വേദന അഗാധമാണ്.

നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്ന പുരുഷ സമൂഹം

“ഞാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ എന്റെ ചുണ്ടുകൾ പൂട്ടിയിരിക്കുകയാണ്. എന്റെ സമൂഹത്തിൽ, പുരുഷന്മാർ സ്ത്രീകൾക്കെതിരെ ഉപയോഗിക്കുന്ന നഗ്നമായ വാക്കുകളിൽ ഞാൻ അസ്വസ്ഥയാണ്. അഫ്ഗാൻ സ്ത്രീകളുടെ പ്രശ്‌നങ്ങളുടെ വേരുകൾ മാറ്റുകയും പുതിയ നിയമങ്ങൾ കൊണ്ടുവരുകയും ചെയ്യുന്ന സർക്കാരുകളല്ല, സ്ത്രീകളോടുള്ള പുരുഷന്മാരുടെ ദുഷിച്ച ചിന്തകളാണ് മാറേണ്ടത്.” പരാന്ത പറയുന്നു.

താലിബാൻ ഭരണത്തിൻ കീഴിൽ പടുത്തുയർത്തിയ, ജീവിച്ചു തഴക്കം വന്ന ഒരു പുരുഷ സമൂഹം ഉണ്ട് അഫ്ഗാനിസ്ഥാനിൽ. അവർ ആണ് അക്ഷരാർത്ഥത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ തടയുന്നത്. താലിബാൻ വരും പോകും. എന്നാൽ ഈ പുരുഷ സമൂഹത്തിൽ കുടികൊള്ളുന്ന പൈശാചികമായ ചിന്തകളും വികാരങ്ങളും മാറുയെങ്കിൽ മാത്രമേ സ്ത്രീകൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുകയുള്ളു എന്ന് ഈ എഴുത്തുകാരികൾ വ്യക്തമാക്കുന്നു.

Latest News