Monday, November 25, 2024

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് സുഖ്‌വിന്ദർ സിങ് സുഖു

രണ്ടു ദിവസത്തെ മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ റിഡെജ മൈതാനിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലികൊടുത്തു. ഹിമാചൽ പ്രദേശിൻറെ 15-ാം മുഖ്യമന്ത്രിയാണ് സുഖ്‌വിന്ദർ. ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിഞ്ജാ വാചകം ഏറ്റുചൊല്ലി.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സംസ്ഥാന നേതാക്കൾക്കിടയിലെ അധികാര വടംവലിക്കൊടുവിൽ ഹൈക്കമാൻഡാണ് നിയമസഭാകക്ഷി നേതാവായി സുഖ്‌വിന്ദർനെ തെരഞ്ഞെടുത്തത്. പിസിസി പ്രസിഡന്റും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്, മുകേഷ് അഗ്നിഹോത്രി എന്നിവരെ മറികടന്നാണ് പാർട്ടി ഹൈക്കമാൻഡ് സുഖുവിനെ പിന്തുണച്ചത്. പിസിസി അധ്യക്ഷയെ അനുനയിപ്പിക്കുന്നതിൻറെ ഭാഗമായി പ്രതിഭാ സിങിൻറെ മകൻ വിക്രമാദിത്യക്ക് പ്രധാനപ്പെട്ട വകുപ്പ് നൽകും എന്നാണ് വിലയിരുത്തൽ.

അതേസമയം “ആരുടെയെങ്കിലും മകനോ, മകളോ അല്ലാത്തിനാൽ പദവികൾ ഒന്നും ലഭിക്കില്ല” എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തിനുള്ള മറുപടി കൂടിയാണ് സുഖ്‌വിന്ദർ സുഖുവിൻറെ മുഖ്യമന്ത്രി സ്ഥാനമെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. ഹിമാചലിലെ ജനസംഖ്യയിൽ 33 ശതമാനം വരുന്ന രജപുത് വിഭാഗത്തിൽ നിന്നുമുള്ള നേതാവാണ് സുഖ്‌വിന്ദർ.

സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി മല്ലികാർജുൻ ഖെലോട്ട്, മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയവർ പങ്കെടുത്തു. ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജീവ് ശുക്ല, സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, സച്ചിൻ പൈലറ്റ് എന്നിവരും ചടങ്ങിന് സാക്ഷിയായി.

അതേസമയം ചരിത്ര വിജയത്തിനൊടുവിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ തുടർച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുക്കും. ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ മെഗാഷോ ആക്കാനുള്ള ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്.

Latest News