Monday, November 25, 2024

കൊച്ചി മെട്രോ നെടുമ്പാശ്ശേരിയിലേക്ക്

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊച്ചി മെട്രോ നീട്ടുന്നത് സംസ്ഥാന സർക്കാരിൻറെ പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി കൂടിയാലോചന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

“മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജൻസിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ല. എന്നാൽ പദ്ധതി നടത്തിപ്പിനായി 1016.24 കോടി രൂപ ഉഭയകക്ഷി ബഹുമുഖ ഫണ്ടിംഗ് ഏജൻസികളിൽ നിന്നും വായ്പ എടുക്കാൻ കേന്ദ്രസാമ്പത്തിക കാര്യമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ബാഹ്യ ഫണ്ടിംഗ് ഏജൻസികളിൽ നിന്നും പാസ് ത്രൂ അസിസ്റ്റൻസായി വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്” മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിൽ പി. പി ചിത്തരഞ്ജൻ എം എൽ എയ്ക്ക് നൽകിയ മറുപടിയായാണ് ഇക്കാര്യം നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചത്.

ടെക്നോ പാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലെ 13.65 ഏക്കറിൽ ഡിജിറ്റൽ സയൻസ് പാർക്ക് സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവ്വകലാശാലയോടു ചേർന്ന് ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കാൻ 200 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം നിക്ഷേപമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പിപിപി മാതൃകയിൽ നിർമ്മിക്കുന്ന പാർക്ക് ഡിജിറ്റൽ സയൻസ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പാർക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest News