ഇറാനിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത രണ്ടാമത്തെ വ്യക്തിയെ പരസ്യമായി തൂക്കിലേറ്റി. മജിദ്റെസ റഹ്നാവാദ് എന്ന യുവാവിനെയാണ് ഭരണകൂടം വധശിക്ഷയ്ക്കു വിധേയനാക്കിയത്. ടെഹ്റാനിൽ നിന്ന് 740 കിലോമീറ്റർ അകലെ മഷ്ഹാദ് നഗരത്തിലാണ് തൂക്കിലേറ്റിയത്. രണ്ടു സുരക്ഷാ ഭടന്മാരെ കുത്തിക്കൊല്ലുകയും നാല് പേരെ പരുക്കേൽപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷയെന്നാണ് വിവരം.
നവംബർ 17 ന് നടന്ന ആക്രമണത്തിന്റെ പേരിൽ നവംബർ 29 നാണ് വധശിക്ഷ വിധിച്ചത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത മൊഹ്സെൻ ഷെക്കാരിയെ കഴിഞ്ഞ ആഴ്ച വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. സുരക്ഷാജീവനക്കാരനെ ആക്രമിച്ചുവെന്നതാണ് ഷെക്കാരിക്കെതിരെയും ഉന്നയിച്ച കുറ്റം. ഭരണകൂടം രഹസ്യവിചാരണ നടത്തി 12 പേർക്കെങ്കിലും വധശിക്ഷ വിധിച്ചതായാണ് പൗരാവകാശ സംഘടനകൾ ആരോപിക്കുന്നത്. ഇവർക്ക് അഭിഭാഷകരുടെ സേവനവും നിഷേധിച്ചിരിക്കുകയാണ്.
ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ മതപോലീസ് കസ്റ്റഡിയിലെടുത്ത കുർദ് വംശജയായ മഹ്സ അമിന സെപ്റ്റംബർ 16 നു പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ചെറിയ രീതിയിൽ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധം പിന്നീട് ഭരണകൂടത്തിനെതിരെയുള്ള വ്യാപകമായ പ്രതിഷേധമായി മാറുകയായിരുന്നു.