തവാങ് സംഘർഷത്തിൽ ഇന്ത്യൻ സൈനികരിൽ ആളപായം ഉണ്ടായിട്ടില്ലെന്നും പരിക്കുകൾ ഗുരുതരമല്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിർത്തിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.
“സംഘർഷത്തിൽ ഇരു രാജ്യങ്ങളിലേയും സൈനികർക്ക് നിസ്സാരമായി പരിക്കേറ്റു. ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റത്തെ ശക്തമായി ചെറുത്ത ഇന്ത്യൻ സൈന്യം അവരെ അതിർത്തിക്ക് അപ്പുറത്തേയ്ക്ക് തുരത്തിയോടിച്ചു. ആവശ്യമെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ കരുത്തുള്ളവരാണ് ഇന്ത്യൻ സൈന്യം. അതിർത്തിയിലെ നിലവിലെ സ്ഥിതി അട്ടിമറിക്കാനാണ് ചൈന ശ്രമിക്കുന്നത്. രാജ്യത്തിന്റെ സമഗ്രത സംരക്ഷിക്കാൻ സൈന്യത്തിന് കഴിയും”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ സൈനികരിൽ ആറ് പേർക്കാണ് പരിക്കേറ്റത്. ഇവരെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിന് പിന്നാലെ ഇന്ത്യയിലെയും ചൈനയിലേയും സൈനികർ പ്രദേശത്ത് നിന്ന് പിൻവാങ്ങിയതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.