തവാങ് അതിർത്തി മേഖലയിൽ ചൈനയുടെ പ്രകോപനം നേരിടാൻ യുദ്ധവിമാനങ്ങൾ രംഗത്തിറക്കി ഇന്ത്യ. അരുണാചലിലെ വ്യോമതാവളങ്ങളിൽ വിന്യസിച്ചിട്ടുള്ള സുഖോയ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിലുടനീളം പരീക്ഷണ പാറക്കൽ നടത്തി. ചൈനയുടെ സൈനികർ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് ഏതാനും ദിവസം മുൻപ് ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനീസ് ഡ്രോണുകൾ എത്തിയിരുന്നു. എന്നാൽ ഇവയെയും സുഖോയ് യുദ്ധവിമാനങ്ങൾ തുരുത്തിയിരുന്നു.
ടാങ്കുകളും മിസൈലുകളുമടക്കമുള്ള സന്നാഹങ്ങൾ ഇന്ത്യൻ ഭാഗത്തു സജ്ജമാണ്. സംഘർഷത്തിൽ പരുക്കേറ്റ സൈനികരുടെ എണ്ണം ചൈന പുറത്തുവിട്ടിട്ടില്ല. തലയ്ക്കു പരുക്കേറ്റ ഒരാളടക്കം ആറു ഇന്ത്യൻ സൈനികരെ ഗുവാഹത്തിയിലെ സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കടന്നുകയറിയ പ്രദേശങ്ങളിൽനിന്നു പൂർണമായി പിന്മാറാൻ വിസമ്മതിക്കുന്നതിനിടെയാണ് അതിർത്തിയിൽ മറ്റൊരിടത്ത് കൂടി സംഘർഷം ഉണ്ടാക്കാൻ ചൈന ശ്രമിക്കുന്നത്.
അതിർത്തിയിൽ സ്ഥിതി പൊതുവേ ശാന്തമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ഇതിൽ കൂടുതൽ പ്രതികരണങ്ങൾ ഒന്നും തന്നെ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.