Sunday, April 20, 2025

പുതുവര്‍ഷത്തില്‍ മദ്യവില വര്‍ദ്ധിക്കും: പുതിയ നിരക്ക് ജനുവരി ഒന്ന് മുതല്‍

മദ്യത്തിന്റെ വില്പന നികുതി കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജനുവരി ഒന്ന് മുതല്‍ മദ്യത്തിന്റെ വില നാല് ശതമാനം വര്‍ധിക്കും. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് വില കൂട്ടുന്നത്. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ബില്‍ സഭയില്‍ പാസാക്കിയിരുന്നു. ജനുവരി ഒന്ന് മുതല്‍ മദ്യത്തിന്റെ വില കൂട്ടുന്നതിനും ടേണ്‍ ഓവര്‍ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം നല്‍കുന്നതുമായിരുന്നു ബില്ലിന്‍റെ ഉള്ളടക്കം. നിയമസഭ പാസാക്കിയ ഈ ബില്ലാണ് ഗവര്‍ണര്‍ ഒപ്പ് വച്ച് അനുമതി നല്‍കിയത്.

അതേസമയം മദ്യവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പൊതു വില്‍പ്പന നികുതി നാല് ശതമാനം മാത്രമാണ് വര്‍ധിപ്പിക്കുന്നതെന്നും ഒമ്പത് ബ്രാന്‍ഡുകള്‍ക്ക് വില കൂടുമെന്നും അദ്ദേഹം പറഞ്ഞു.

Latest News