ലോകകപ്പ് ഫുട്ബോളിൻറെ മൂന്നാം സ്ഥാനത്തേക്കുള്ള ആവേശ പോരിൽ അട്ടിമറി വീരൻമാരായ മൊറോക്കോയെ കീഴ്പ്പെടുത്തി ക്രൊയേഷ്യ. ഖത്തർ സമയം രാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിൽ നടന്ന പോരട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഇത്തവണ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
ലോകകപ്പ് ടൂർണമെൻറിലെ പുരസ്കാര നിർണയത്തിൽ പൊരുതി തോറ്റവർ തമ്മിൽ മൂന്നാം സ്ഥാനത്തിനായി അങ്കം കുറിച്ചപ്പോൾ ഖലീഫ സ്റ്റേഡിയം ആവേശം നിറഞ്ഞ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. മത്സരത്തിൻറെ ഒരോ മിനിറ്റും മൈതാനിയിൽ ഷോട്ടുകളുടെ തീപ്പൊരി പാറി. അറബ്-ആഫ്രിക്കൻ കുതിരകളുടെ കുതിപ്പിന് തടയിടാൻ മുൻ റണ്ണറപ്പുകൾ അവരുടെ എക്കാലത്തേയും മികച്ച പോരാട്ടമാണ് പുറത്തെടുത്തത്.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ക്രൊയേഷ്യ ലീഡ് നേടി മൊറോക്കോയെ വിറപ്പിച്ചു. ജോസ്കോ ഗ്വാർഡിയോളിന്റെ മികച്ച ഹെഡറിലൂടെയായിരുന്നു ആദ്യ ഗോൾ. എന്നാൽ ഒൻപതാം മിനിറ്റിൽ അടിക്ക് തിരിച്ചടിയെന്നവിധം ഗോൾ മടക്കി മൊറോക്കോയുടെ പ്രതികാരം. മറുഭാഗത്ത് നിന്ന് ലഭിച്ച ഫ്രീകിക്കിൽ അഷ്റഫ് ഡാരിയാണ് ഗോൾ നേടിയത്. തുല്യശക്തികൾ കൊണ്ടും കൊടുത്തും തുടർ മിനിറ്റുകളിൽ പരസ്പരം വിറപ്പിച്ചു. ഒടുവിൽ ഇടവേളക്ക് പിരിയുന്നതിന് തൊട്ട് മുൻപ് മിസ്ലാവ് ഒർസിച്ചിലൂടെ ക്രൊയേഷ്യ ആഗ്രഹിച്ച ലീഡ് നേടി.
അതേസമയം പോരാട്ടം അവസാനിപ്പിക്കാൻ മടിച്ച മൊറോക്കോയുടെ സ്ട്രൈക്കർമാർ തുടർച്ചയായി ക്രൊയേഷ്യൻ വലയിലേക്ക് പന്തുകൾ തൊടുത്തു. എന്നാൽ ക്രൊയേഷ്യൻ പ്രതിരോധത്തിന് മുൻപിൽ ലക്ഷ്യം നേടാൻ മാത്രം മൊറോക്കോയ്ക്ക് കഴിഞ്ഞില്ല. അവസാന വിസിൽ മുഴങ്ങുമ്പോൾ ലീഡ് നിലയിൽ മാറ്റമില്ലാതെ ലൂസേഴ്സ് ഫൈനൽ ക്രൊയേഷ്യ സ്വന്തമാക്കി.
കിരീടം നേടാനായില്ലെങ്കിലും യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും പരമ്പരാഗത ശക്തികളെ മറികടന്ന് മൂന്നാം സ്ഥാനം വരെ എത്തിയാണ് ലൂക്ക മോഡ്രിച്ചും സംഘവും ഖത്തർ വിടുന്നത്. ഗ്രൂപ്പ് സ്റ്റേജുകളിൽ പരാജയം അറിയാതെയായിരുന്നു മൊറോക്കോയുടെ തോരോട്ടവും.