പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്പാ മേള നാളെ ആരംഭിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പ്രവാസികൾക്കായി എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായിട്ടാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് പദ്ധതി പ്രകാരമാണ് വായ്പാ മേള. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.ഐ മലപ്പുറം റീജിയണൽ ഓഫീസിൽ മലപ്പുറം എം.എൽ. എ .പി. ഉബൈദുളള നിർവഹിക്കും.
സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും പ്രവാസികളെ സഹായിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മലപ്പുറത്ത് എസ്.ബി.ഐ റീജിയണൽ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൽ ബ്രാഞ്ചുകളിലും, തൃശ്ശൂർ ജില്ലയിൽ എസ്.ബി.ഐ SMECC, കരുണാകരൻ നമ്പ്യാർ റോഡ് ബ്രാഞ്ചിലുമാണ് വായ്പാ മേള നടക്കുക. നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.norkaroots.org വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലോൺ മേളയിൽ പങ്കെടുക്കാൻ കഴിയൂ.