ഉക്രൈൻ – റഷ്യ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റഷ്യ ആക്രമണം വർദ്ധിപ്പിക്കുമ്പോഴും തങ്ങളുടെ രാജ്യത്തെയും പൗരന്മാരെയും രക്ഷിക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് ഉക്രൈൻ. പല രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രൈൻ ശൈത്യകാലത്തും യുദ്ധ സന്നദ്ധരാണ്. തങ്ങളുടെ ഊർജ്ജ സംവിധാനങ്ങളും ജലവിതരണ സംവിധാനങ്ങളും തകർക്കുമ്പോഴും തളരാതെ പോരാടുകയാണ് ഉക്രൈൻ. റഷ്യപോലെ ഒരു ശക്തിക്കു മുന്നിൽ ഇവരുടെ തളരാത്ത പോരാട്ടത്തിന്റെ പ്രതീകമാവുകയാണ് ഒരു ക്രിസ്തുമസ് ട്രീ.
തെക്കൻ ഉക്രേനിയൻ നഗരമായ മൈക്കോളൈവിലെ സന്നദ്ധപ്രവർത്തകർ ഈ വർഷത്തെ ക്രിസ്തുമസ് ട്രീ ശത്രുവിനെ തെറ്റിദ്ധരിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു തരം വലകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസ് സീസണിന് ശേഷം ഈ ക്രിസ്തുമസ് ട്രീയിൽ ഉപയോഗിച്ചിരിക്കുന്ന വല യുദ്ധമുന്നണിയിൽ ആയിരിക്കുന്ന സൈന്യത്തിന് കൈമാറാനാണ് തീരുമാനം.
ക്രിസ്തുമസ് കാലം ഒരു ട്രീ ഉണ്ടാക്കുക എന്നത് ഒഴിവാക്കാനാകാത്ത ഒന്നാണ്. യുദ്ധത്തിന്റെയും വേദനയുടെയും കാലമായതിനാൽ തങ്ങൾ കടന്നു പോകുന്ന അവസ്ഥയുടെ പ്രതീകമായി ആ ട്രീ മാറണം എന്ന് സന്നദ്ധപ്രവർത്തകർ തീരുമാനിച്ചു. അതിനാൽ അവർ ക്രിസ്തുമസ് ട്രീ ഉണ്ടാക്കുന്നതിനായി തിരഞ്ഞെടുത്തത് ഒരു തരം വലയാണ്. ശത്രുവിന്റെ മുന്നിൽ പതറാത്ത പോരാട്ടവീര്യമായി മാറുന്ന തങ്ങളുടെ രാജ്യത്തിന്റെ പ്രതീകമായി ആ ട്രീ മാറി.
“ക്രിസ്തുമസ് ആഘോഷിക്കുവാൻ കഴിയുന്ന ഒരു സാഹചര്യത്തിൽ അല്ല ഞങ്ങൾ ഇപ്പോൾ. പക്ഷെ ഞങ്ങളുടെ വിജയം അതിയായി ആഗ്രഹിക്കുന്നു. വിജയത്തിലേക്ക് നയിക്കുന്ന അത്ഭുതം സംഭവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ സൈന്യത്തെ വിശ്വാസം ഉണ്ട്. അതിനാൽ തന്നെ വിജയം വരിക്കും എന്ന ഉറപ്പും ഉണ്ട്. ഈ ട്രീയിലൂടെ ക്രിസ്മസും പുതുവർഷവും മാത്രമല്ല, വിജയം ആഘോഷിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു” – പ്രദേശവാസിയായ നതാലിയ പറയുന്നു.
വ്യത്യസ്തമായ ഈ ക്രിസ്തുമസ് ട്രീ അലങ്കരിക്കുവാൻ യുദ്ധം ആരംഭിച്ചപ്പോൾ ഉപയോഗിച്ച സാൻഡ് ബാഗുകളും മറ്റും ഉപയോഗിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ നടുവിലും ക്രിസ്തുമസ് നൽകുന്ന സമാധാനത്തിന്റെ സന്ദേശം കെട്ടിപ്പടുക്കുവാൻ, വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുവാൻ അതിയായി ആഗ്രഹിക്കുന്ന ഉക്രൈൻ ജനതയുടെ പ്രതീകമായി മാറുകയാണ് ഈ ക്രിതുമസ് ട്രീ.