Tuesday, November 26, 2024

ബഫർ സോൺ വിഷയം: താമരശേരി രൂപതയുടെ നേതൃത്വത്തിൽ ജനജാഗ്രതാ യാത്ര

ബഫർസോൺ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ പ്രത്യക്ഷ സമരത്തിന് മുന്നോടിയായി താമരശേരി രൂപത ഇന്ന് ജനജാഗ്രതാ യാത്ര സംഘടിപ്പിക്കും. വിഷയത്തിൽ സർക്കാരിൻറെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് പ്രത്യക്ഷ സമരത്തിനായി താമരശേരി രൂപത തയ്യാറെടുക്കുന്നത്.

മലയോര കർഷകരുടെ കൃഷിഭൂമിയിൽ കരുതൽ മേഖല നടപ്പാക്കാനുള്ള നീക്കത്തിനെതിരെ കെസിബിസിയും, ക്രൈസ്തവസഭകളും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻറെ ഭാഗമായിട്ടാണ് താമരശേരി രൂപതയുടെ നേതൃത്വത്തിൽ മലയോര കർഷകർക്കായി സമരത്തിന് തുടക്കം കുറിക്കുന്നത്. രൂപതയുടെ നേതൃത്വത്തിലുളള കർഷക അതിജീവന സംയുക്ത സമിതിയാണ് ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അശാസ്ത്രീയമായ ഉപഗ്രഹ സർവേയിലൂടെ മലയോരജനതയെ അങ്കലാപ്പിലാക്കി സർക്കാർ പുറത്തുവിട്ട കരുതൽമേഖല മാപ്പിങ് വളരെ അപാകത നിറഞ്ഞതാണെന്നാണ് കർഷകസംഘടനകളുടെ വാദം. ബഫർസോൺ വിഷയം നിലനിൽക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളിൽ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും. വൈകീട്ട് അഞ്ചു മണിയോടെ കൂരാച്ചുണ്ടിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പെടെയുളവർ പങ്കെടുക്കും.

ബഫർസോൺ ആശങ്ക നിലനിൽക്കുന്ന വിവിധ മേഖലകളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു. സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ഭൂരിഭാഗവും പുതുപ്പാടിയിലെ രണ്ട് സർവേ നമ്പറിലെ ഭൂമിയും കരുതൽ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ മേഖലയിലെ ജനവാസയിടങ്ങളും വീടുകളുടെയും കൃത്യമായ വിവരണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. കൃഷിഭൂമിയിലും ജനവാസമേഖലയിലും കരുതൽ മേഖല നടപ്പാക്കാൻ അനുവദിക്കില്ലെന്നും വനമേഖല മാത്രം കരുതൽ മേഖലയിൽ ഉൾപ്പെടുത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Latest News