139 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ പാസ്പോർട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയിൽ താഴെ മാത്രമാണെന്ന് വെളിപ്പെടുത്തി പുതിയ കണക്കുകൾ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലാകെ 7.2 ശതമാനം പേർക്ക് മാത്രമാണ് പാസ്‌പോർട്ടുള്ളത്. ഏകദേശം 9.6 കോടി. ഇത് പത്ത് കോടിയിലെത്താൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ആകെ പാസ്പോർട്ട് ഉടമകളുടെ വലിയൊരു ഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്നും 2.2 കോടിയോളം പാസ്പോർട്ടുകളാണ് ഈ രണ്ട് സംസ്ഥാനങ്ങളിലുമായി ഉണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലും ഒരു കോടിയിലധികം പാസ്‌പോർട്ട് ഉടമകളുണ്ട്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 31.6 ശതമാനത്തിനും പാസ്‌പോർട്ട് സ്വന്തമായുണ്ട്. തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളാണ് കൂടുതൽ പാസ്‌പോർട്ട് ഉടമകളുള്ള മറ്റ് സംസ്ഥാനങ്ങൾ. 97 ലക്ഷത്തോളമാണ് തമിഴ്‌നാട്ടിലെ പാസ്‌പോർട്ട് ഉടമകളുടെ എണ്ണം.
ഏറ്റവും കുറവ് പാസ്പോർട്ട് ഉടമകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്. എന്നാൽ, അടുത്തിടെയായി രാജ്യത്തുനിന്നും വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പാസ്പോർട്ട് വിതരണത്തിന്റെ തോതിൽ ഉണ്ടായ വർധന ഇതിന്റെ സൂചനയാണ് എന്നാണ് വിലയിരുത്തൽ.