Monday, November 25, 2024

മരണശേഷവും അവർ കാത്തിരിക്കുകയാണ്: ഉക്രൈനിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങൾ

ഉക്രൈനിൽ യുദ്ധം മുന്നോട്ടു നീങ്ങുകയാണ്. അനുദിനവും അനേകരുടെ മരണവാർത്തകളാണ് ഉക്രൈനിൽ നിന്നും പുറത്തുവരുന്നത്. റഷ്യ നടത്തുന്ന അനധികൃത ആക്രമണങ്ങൾക്ക് ഓരോ ദിവസവും ഇരകളാകുന്നത് ഉക്രൈനിലെ സാധാരണ പൗരന്മാരാണ്. ഒരുപാട് പ്രതീക്ഷകളോടെ പ്രിയപ്പെട്ടവർക്കൊപ്പം ആയിരുന്നവർ. അപ്രതീക്ഷിതമായ ആക്രമണത്തിൽ അവരിൽ പലരും മണ്മറഞ്ഞു. എന്നാൽ ഇന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന അനേകരും പ്രിയപ്പെട്ടവരെ കാത്ത് മോർച്ചറിയിൽ തണുത്തുറഞ്ഞിരിക്കുന്ന മൃതദേഹങ്ങളും ഏറുകയാണ്. ഉക്രൈന്റെ തണുത്തുറഞ്ഞ ശൈത്യകാലത്തെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി മാറുകയാണ് ഇത്തരം മൃതദേഹങ്ങൾ.

റഷ്യൻ മിസൈൽ ആക്രമണങ്ങളാൽ ഖാർകിവ് മേഖലയിലുടനീളം കൂട്ടക്കുഴിമാടങ്ങൾ രൂപം കൊണ്ടു. എന്നാൽ അതിലും കൂടുതൽ തിരിച്ചറിയപ്പെടാനാകാത്ത മൃതദേഹങ്ങൾ ഇവിടെ എത്തിയിട്ടുണ്ട്. മാസങ്ങളോളം മോർച്ചറികളിൽ കിടക്കുന്ന അനാഥമൃതദേഹങ്ങൾ. അത്തരത്തിൽ 146 പേരുടെ അവശിഷ്ടങ്ങൾ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. “ഇപ്പോൾ നമുക്കുള്ള ശരീരങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഡിഎൻഎ പരിശോധനകൾ പൂർത്തിയാകുന്നതു വരെ അവ ഇവിടെത്തന്നെ തുടരും” – ഖാർകിവ് ബ്യൂറോ ഓഫ് ഫോറൻസിക് എക്‌സ്‌പെർട്ടൈസിലെ പാത്തോളജിസ്റ്റായ ഒലെ വിശദീകരിക്കുന്നു.

എന്നാൽ മോർച്ചറികളിൽ ഈ മൃതദേഹങ്ങൾ സൂക്ഷിക്കുക അത്ര എളുപ്പമുള്ള പണിയല്ല. അടുത്തടുത്തായി നടക്കുന്ന മിസൈൽ ആക്രമണങ്ങളിൽ ഉക്രൈനിലെ ഊർജ്ജസംവിധാനങ്ങളും വൈദ്യുതി വിതരണ സംവിധാനങ്ങളും തകരുമ്പോൾ ഉണ്ടാകുന്ന പവർകട്ടുകൾ ഈ മോർച്ചറികളെ സാരമായി ബാധിക്കാറുണ്ട്. ഈ മോർച്ചറികൾക്കു സമീപം ജനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കറന്റ് ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ കേടാവുകയും പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ എത്തുകയും ചെയ്യുന്നു.

തിരിച്ചറിയപ്പെടാനാകാത്ത മൃതദേഹങ്ങൾ വർദ്ധിക്കുന്നതിനോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ടവരുടെ എന്തെങ്കിലും അവശേഷിപ്പിനായി കാത്തിരിക്കുന്ന ആളുകളും ഏറെയാണ്. “സ്ഫോടനത്തിൽ ഇറ കൊല്ലപ്പെട്ടു. എനിക്ക് അവളുടെ ഒരു അവശേഷിപ്പ് പോലും കണ്ടെത്താൻ കഴിയുന്നില്ല. എന്റെ സഹോദരിയുടെ ഒരു ചെറിയ അവശേഷിപ്പെങ്കിലും കണ്ടെത്താൻ ഞാൻ കാത്തിരിക്കുകയാണ്. കണ്ടെത്തിയാൽ അവൾക്കായി എനിക്ക് അന്ത്യവിശ്രമസ്ഥലം ഒരുക്കാൻ കഴിയുമായിരുന്നു” – ഐറിന എന്ന ഉക്രൈൻ യുവതി പറയുന്നു. ഇറ ഐറിനയുടെ സഹോദരിയാണ്.

മൃതദേഹങ്ങൾ പ്രിയപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് സാധ്യമാകാതെ പോവുകയാണ്. കാരണം ഡിഎൻഎ ടെസ്റ്റിനായി വൈദ്യുതി ആവശ്യമാണ്. എന്നാൽ ഇതിനായി യന്ത്രങ്ങൾ പ്രവർത്തിച്ചു തുടങ്ങുമ്പോൾ കറന്റ് പോകുകയും മെഷീനുകൾ കേടാവുകയോ, ടെസ്റ്റ് പരാജയപ്പെടുകയോ ചെയ്യുന്നു.

Latest News