ബഫർസോൺ വിഷയത്തിൽ ക്രൈസ്തവ സഭകൾ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങവേ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. മന്ത്രിമാരായ അൻറണി രാജു, റോഷി അഗസ്റ്റിൻ തുടങ്ങിയവർ കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ ക്ലീമിസ് ബാവായുമായി കൂടിക്കാഴ്ച നടത്തി. പട്ടത്തെ ബിഷപ്പ് ഹൗസിലെത്തിയാണ് ബിഷപ്പിനെ മന്ത്രിമാർ കണ്ടത്.
അശാസ്ത്രീയമായ ഉപഗ്രഹ സർവേയിലൂടെ കരുതൽ മേഖല നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ക്രൈസ്തവ സഭകൾ രംഗത്തുവന്നിരുന്നു. സീറോ മലബാർ സഭയുടെ നേതൃത്വത്തിലാണ് വിഷയത്തിൽ തുറന്ന പോരിലേക്ക് കടന്നത്. ഇതിനെത്തുർന്നാണ് സഭയുമായി അനുനയ നീക്കത്തിന് സർക്കാർ നിർബന്ധിതരായത്. വിഷയത്തിൽ ഒരു എറ്റുമുട്ടൽ ഒഴിവാക്കി പ്രശ്ന പരിഹാരം കാണാനാണ് സർക്കാർ നീക്കം.
മുൻപ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരുമായി സമരം ഒത്തുതീർപ്പിലെത്താൻ ക്ലീമിസ് കാതോലിക്കാ ബാവാ മുൻകൈയെടുത്തിരുന്നു. ബഫർ സോൺ വിഷയത്തിലും സമാനമായ നീക്കങ്ങളിലൂടെ പ്രശ്നപരിഹാരം കാണാൻ ബിഷപ്പിൻറെ ഇടപെടലാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിഷയത്തിൽ ഉന്നതതല യോഗം ചേരും.