കോവിഡ് അവശേഷിപ്പിച്ച ആഘാതത്തിനിടയിലൂടെ ഒരു വർഷം കൂടെ കടന്നു പോവുകയാണ്. കോവിഡ് പകർച്ചവ്യാധിയുടെ ഭീതി ഒന്നൊഴിഞ്ഞു എങ്കിലും ആശ്വസിക്കാൻ ഇട നൽകാതെ മറ്റു പല വകഭേദങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും രംഗപ്രവേശനം നടത്തുന്നുണ്ട്. എന്നാൽ 2022 കടന്നു പോകുമ്പോൾ കോവിഡ് മാത്രമായിരുന്നോ പ്രതിസന്ധി സൃഷ്ടിച്ചത്? കോവിഡിനെയും അത് വരുത്തിവച്ച സാമ്പത്തിക മാന്ദ്യത്തെയും പഴിചാരി രക്ഷപെടുവാൻ 2022 ന് കഴിയില്ല. കാരണം കോവിഡിനെക്കാളും വലിയ മഹാമാരികൾ കാർന്നു തിന്നുന്ന, തീ തീറ്റിക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളും ഇന്ന് നീറിക്കൊണ്ടിരിക്കുകയാണ്. യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും അവകാശ ലംഘനവും കത്തിക്കുത്തും കൊലപാതകവും ഭീകരവാദവും ഒക്കെയായി അസമാധാനങ്ങളുടെ നടുവിലൂടെയാണ് ഈ വർഷം കടന്നു പോകുന്നത്. പല രാജ്യങ്ങളിലും സമാധാനത്തിനായി ദാഹിക്കുന്ന ഒരു ജനതയെ ആണ് ഈ വർഷം ആദ്യം മുതൽ കണ്ടെത്തുവാൻ കഴിഞ്ഞത്.
2022 യൂറോപ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം യുദ്ധം മടങ്ങി എത്തിയ വർഷമായിരുന്നു. പലയിടങ്ങളിലും ആക്രമണങ്ങൾ നിറഞ്ഞു. റഷ്യയുടെ അയൽരാജ്യമായ ഉക്രെയ്നിലെ അധിനിവേശം ദശലക്ഷക്കണക്കിന് ഉക്രേനിയക്കാരുടെ മേൽ ദുരിതം അഴിച്ചുവിടുകയും യൂറോപ്പിന്റെ സുരക്ഷിതത്വബോധം തകർക്കുകയും ഭൗമരാഷ്ട്രീയ ഭൂപടം കീറിമുറിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കുകയും ചെയ്തു. ആയിരക്കണക്കിന് ഉക്രെയ്നിലെ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകാത്ത വിധത്തിൽ ഒരു ജനതയെ തകർക്കുവാൻ റഷ്യയ്ക്ക് യുദ്ധം കൊണ്ട് സാധിച്ചു ഇന്ന് വേണം പറയുവാൻ.
തീ തുപ്പുന്ന വിമാനങ്ങൾ, റോക്കറ്റുകൾ, മിസൈലുകൾ, രക്തം ചിന്തുന്ന തെരുവുകൾ, തകർന്ന നഗരങ്ങൾ, കുന്നുകൂടുന്ന വലിയ ശവക്കുഴികൾ… ഈ വർഷം ആദ്യം മുതൽ ഉക്രൈൻ സാക്ഷ്യം വഹിച്ചത് ഈ കറുത്ത ദിനങ്ങൾക്കായിരുന്നു.
ഉക്രൈനിലും റഷ്യയിലും മാത്രമല്ല ഇറാനിലും ആഭ്യന്തര സംഘർഷം അതിന്റെ മൂർത്തീരൂപത്തിൽ എത്തിയിരുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ചുവടു പിടിച്ചു ഏകാധിപത്യ ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ ആയിരത്തിനടുത്ത് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. അതിലും ഭീകരം പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ മൂന്നുപേരെ ഇറാൻ ഭരണകൂടം തൂക്കിലേറ്റി എന്നതായിരുന്നു. ഇറാനിൽ പ്രതിഷേധിക്കാൻ എങ്കിലും ആളുകൾക്ക് അവകാശമുണ്ടെന്നിരിക്കെ അതിനുപോലും കഴിയാതെ നരകിക്കുകയാണ് താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാൻ ജനത. ഇവിടെ പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യം നൽകാതെ സ്ത്രീകളെ വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുക്കുന്ന ഭരണകൂടത്തെയാണ് ജനങ്ങൾ സഹിക്കേണ്ടി വന്നത്.
ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലും സ്ഥിതി മറിച്ചൊന്നും അല്ല. പ്രക്ഷോഭം ഇന്ന് കേട്ടുകേൾവി പോലും ഇല്ലാത്ത ഷീ ഭരണകൂടത്തിന് എതിരെ ആദ്യമായി ചൈനയിൽ പ്രതിഷേധിക്കുന്ന തലമുറയെ കാണേണ്ടി വന്നത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും സർക്കാർ പോളിസികളും ഒപ്പം വ്യാപിക്കുന്ന കോവിഡും ചൈനയെ അസ്വാരസ്യങ്ങളുടെ തടവിലാക്കുകയാണ്. ചൈനയിൽ മാത്രമല്ല ഇന്ത്യയിലും പ്രശ്ങ്ങൾ രൂക്ഷമാണ്. ചൈനയും പാക്കിസ്ഥാനും അതിർത്തികളിൽ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ഇന്ത്യയെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കൂടാതെ ന്യൂനപക്ഷ മത വിഭാഗങ്ങൾക്കെതിരെ ഉള്ള ആക്രമണങ്ങളുടെ വർധനവും തീവ്രവാദവും ഇന്ത്യയിൽ ജനജീവിതം ദുസ്സഹമാക്കുന്നു.
നൈജീരിയയും നൈജറും അടങ്ങുന്ന ആഫ്രിക്കൻ രാജ്യങ്ങൾ തീവ്രവാദത്തിന്റെ പിടിയിൽ അമരുകയാണ്. ബൊക്കോ ഹറാം തീവ്രവാദികളും ഫുലാനി ഇടയന്മാരും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോഴും അഴിഞ്ഞാടുമ്പോഴും നിസ്സംഗത പുലർത്തുന്ന ഭരണകൂടം ജനത്തിനു തന്നെ നാണക്കേടുയർത്തുകയാണ്. സോമാലിയ പോലുള്ള മറ്റു രാജ്യങ്ങൾ കടുത്ത പട്ടിണിയുടെ പിടിയിലാണ്. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പെൺമക്കളെയും സ്വന്തം അവയവങ്ങളെയും വരെ വിൽക്കുന്ന ആളുകൾ ഇവിടെ സാധാരണമായി മാറുന്നു. ഇതിനെല്ലാം പുറമെയാണ് ആണവായുധ ഭീഷണികളായി റഷ്യയും ഉത്തര കൊറിയയും വരുന്നത്.
ചുരുക്കത്തിൽ ലോകം പുകയുകയാണ്. ഏതു നിമിഷവും ഒരു പൊട്ടിത്തെറി ഉണ്ടാകാം. തലമുറകളെ ഇല്ലായ്മ ചെയ്യുവാൻ ശക്തിയുള്ള ആണവായുധങ്ങൾ പ്രയോഗിക്കപ്പെടാം. ജനതകൾ ഇല്ലാതാകാം. അതെ, ഭീതിയുടെ നടിവിലൂടെ ലോകം കടന്നു പോവുകയാണ്. പ്രതിസന്ധികൾ ഏറെയാണ്. ഒപ്പം സമാധാനത്തിനായി ഉള്ള ആഗ്രഹവും അഭ്യർത്ഥനയും ഉയരുകയാണ്. അതിനു ചെവികൊടുക്കാൻ രാഷ്ട്ര നേതാക്കൾക്ക് മാത്രമേ കഴിയുകയുള്ളു. അത് സംഭവിക്കുമോ? അറിയില്ല.
സമാധാനത്തിനുള്ള ആഗ്രഹത്തിനും സ്വാതന്ത്ര്യത്തിനുള്ള നിലവിളികൾക്കും യുദ്ധമെന്ന ഭീതിക്കും ഒപ്പം കാലചക്രം ഉരുണ്ടു തുടങ്ങുകയാണ്…