Monday, November 25, 2024

ലോക ചാമ്പ്യന്മാർ ബ്യുണസ് അയേഴ്സിൽ: വൻ സ്വീകരണമൊരുക്കി അർജന്റീനിയൻ ജനത

മുപ്പത്താറ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ചാമ്പ്യന്മാർ അർജന്റീനയിലെ ബ്യുണസ് അയേഴ്സിൽ എത്തി. എആർ 10-15 എന്ന അർജൻറീനിയൻ എയർലൈൻസിൻറെ വിമാനത്തിലാണ് ലോകകിരീടവുമായി മെസിയെയും സംഘവും പറന്നിറങ്ങിയത്. ചാമ്പ്യന്മാരെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആരാധകരാണ് ബ്യുണസ് അയേഴ്സിൽ കാത്തിരുന്നത്.

ലോകകിരീടം നെഞ്ചിൽ ചേർത്തുപിടിച്ച് ക്യപ്റ്റൻ മെസി തന്നെയാണ് ലോക ചാമ്പ്യന്മാർ എന്ന് രേഖപ്പെടുത്തിയ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്. തുടർന്ന് എയർപോർട്ടിൽ കാത്തുനിന്ന ആരാധകരുടെ മുൻപിലേക്ക് കിരീടം വലതുകയ്യിലുയർത്തി അർജൻറീനിയൻ ജനതയെ അഭിസംബോധന ചെയ്തു. മെസിയെ അനുഗമിച്ച് സഹതാരങ്ങൾ ഉൾപ്പടെയുള്ളവരും പുറത്തേക്ക്. ബ്യുണസ് അയേഴ്സിൻറെ വീഥികളിൽ കാത്തുനിന്ന പതിനായിരക്കണക്കിന് ആരാധകരുടെ മനംകവർന്നാണ് ടീം ബസിൽ അർജൻറീനിയൻ താരങ്ങൾ ഫുട്ബോൾ ആസ്ഥാനമായ വയാമോണ്ടെയിലേക്ക് തിരിച്ചത്.

അതേസമയം അർജൻറീനിയിൻ സമയം രാവിലെ 10.30 ന് താരങ്ങൾ വയാമോണ്ടെയിൽ രണ്ട് ലക്ഷത്തോളം വരുന്ന ആരാധകരെ അഭിസംബോധന ചെയ്യും. തുടർന്ന് ആഘോഷപരിപാടികൾ ആരംഭിക്കുമെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമിന് ലഭിക്കുന്ന ഫുട്ബോള്‍ കിരീടം കൂടിയാണ് ഇത്.

Latest News