ഉന്നതവിദ്യാഭ്യാസം എന്ന സ്വപ്നം ഇനി അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ബാലികേറാമലയാകും. സർവ്വകലാശാലകളിൽ സ്ത്രീകൾ പഠിക്കുന്നതിനു വിലക്കേർപ്പെടുത്തികൊണ്ടുള്ള നിർദ്ദേശം കൊണ്ടുവന്നിരിക്കുകയാണ് താലിബാൻ. അഫ്ഗാനിസ്ഥാനിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി പുറപ്പെടുവിച്ച കത്തിൽ ആണ് പുതിയ ഉത്തരവ് ഉൾപ്പെട്ടിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്നും ഈ നിയമം ഉടൻ പ്രാബല്യത്തിൽ എത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തി. ഔപചാരിക വിദ്യാഭ്യാസത്തിനായി ഉള്ള സ്ത്രീകളുടെ അവകാശത്തെ കൂടുതൽ നിയന്ത്രിക്കുകയാണ് പുതിയ നിയമത്തിലൂടെ. ഇതിനകം തന്നെ മിക്ക സെക്കൻഡറി സ്കൂളുകളിൽ നിന്നും പെൺകുട്ടികളെ ഒഴിവാക്കുന്നതിനുള്ള നീക്കങ്ങൾ താലിബാൻ ശക്തിപ്പെടുത്തിയിരുന്നു.
മൂന്ന് മാസം മുമ്പ് ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളും അഫ്ഗാനിസ്ഥാനിലുടനീളം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതിയിരുന്നു. എന്നാൽ പുതിയ നിയമത്തോടെ ഈ പെൺകുട്ടികളുടെ കഷ്ടപ്പാടുകൾ വെറുതെയാവുകയാണ്. വെറ്ററിനറി സയൻസ്, എഞ്ചിനീയറിംഗ്, ഇക്കണോമിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങളിൽ സ്ത്രീകൾക്ക് പഠിക്കുവാൻ ഉള്ള അവസരം നിരോധിക്കുകയാണ് ആദ്യം താലിബാൻ ചെയ്തത്. അഫ്ഗാനിസ്ഥാനിൽ മാധ്യമ പ്രവർത്തനം പഠിക്കുക എന്നത് സ്ത്രീകൾക്ക് അനുവദനീയമല്ലാത്ത ഒരു സാഹചര്യത്തിലേക്ക് താലിബാൻ കൊണ്ടെത്തിച്ചു.
കഴിഞ്ഞ വർഷം താലിബാൻ ഏറ്റെടുത്തതിന് ശേഷം, സർവ്വകലാശാലകൾ ലിംഗഭേദം വരുത്തിയ ക്ലാസ് മുറികളും പ്രവേശന കവാടങ്ങളും സ്ഥാപിച്ചിരുന്നു. പെൺകുട്ടികളെ അധ്യാപികമാരോ പ്രായമായ പുരുഷന്മാരോ മാത്രം പഠിപ്പിക്കാവൂ എന്ന നിയമവും താലിബാൻ നടപ്പിലാക്കി. ഇതിനെല്ലാം പുറമെയാണ് ഉന്നത വിദ്യാഭ്യാസം നേടുക എന്ന സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് താലിബാൻ പൂട്ടിടുന്നത്.
വാർത്ത കേട്ടതു മുതൽ താൻ കരയുകയായിരുന്നെന്ന് കാബൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ബിബിസിയോട് വെളിപ്പെടുത്തി.