ലോകകപ്പ് മത്സരങ്ങള്‍ യൂറോപ്യൻ കളിമുറ്റങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. ഒരു മാസം നീണ്ട ഖത്തര്‍ വേള്‍ഡ് കപ്പ് ടൂര്‍ണമെന്‍റ് വിജയകരമായി പൂർത്തിയാക്കിയതിനെ അഭിനന്ദിച്ചും യൂറോപ്യൻ കളിമുറ്റങ്ങളെ വിമര്‍ശിച്ചുമാണ് താരം രംഗത്തെത്തിയത്.
“ഏറ്റവും വലിയ ശാപമാണ് ആരാധകർ എന്ന പേരിലെത്തുന്ന ‘തെമ്മാടിക്കൂട്ടങ്ങൾ.’ ഖത്തര്‍ ലോകകപ്പില്‍ എല്ലാ ടീമുകളുടെയും ആരാധകർ നിറഞ്ഞൊഴുകിയിട്ടും ചെറിയ അസ്വാരസ്യം പോലുമില്ലാതെ കലാശപ്പോര് നടന്ന ലുസൈലിൽ 90,000- ഓളം കാണികളാണ് എത്തിയത്. ഇതേ വേദിയിലെ മറ്റു മത്സരങ്ങൾക്കും സമാനമായിരുന്നു കാണികളുടെ എണ്ണം. എന്നിട്ടും, മൈതാനത്തിന് അകത്തോ, പുറത്തോ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തില്ല. താരങ്ങൾക്കു നേരെ വംശീയ അധിക്ഷേപങ്ങളുമുണ്ടായില്ല. ഇത്രയും മനോഹരമായി കളി നടക്കുമെന്നതിനാൽ ഇനി എല്ലാ മത്സരങ്ങളും നമുക്ക് മിഡിൽ ഈസ്റ്റിൽ നടത്താം” – കെവിൻ പീറ്റേഴ്സൺ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇംഗ്ലീഷ് മൈതാനമായ വെംബ്ലിയിൽ 2020- ല്‍ അരങ്ങേറിയ യൂറോ ഫൈനൽ മത്സരത്തില്‍ നടന്ന സംഭവത്തെ ചൂണ്ടിക്കാണിച്ചായിരുന്നു പീറ്റേഴ്സണിന്റെ പ്രതികരണം. മത്സരം കാണാൻ, മൈതാനത്തിനകത്തേക്ക് ടിക്കറ്റില്ലാതെ പതിനായിരങ്ങൾ ഇരച്ചുകയറാൻ ശ്രമിച്ചതോടെയായിരുന്നു വെംബ്ലിയിൽ അന്ന് പ്രശ്നങ്ങളുണ്ടായത്.