ജനുവരി മുതൽ റഷ്യൻ നാവികസേനയുടെ ഭാഗമായി സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ഉണ്ടാകുമെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അത്യാധുനിക ശേഷിയുള്ള ക്രൂയിസ് മിസൈലിന്റെ പരീക്ഷണം പൂർത്തിയാക്കിയതിനു പിന്നാലെയാണ് പുടിന്റെ ഈ പ്രഖ്യാപനം. റഷ്യൻ നാവിക സേനയുടെ യുദ്ധക്കപ്പലായ അഡ്മിറൽ ഗോർഷോവിൽ മിസൈൽ സ്ഥാപിക്കുമെന്നാണ് വിവരം.
ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയിൽ റഷ്യൻ പ്രസിഡന്റ് പുടിൻ തന്നെയാണ് സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ കമ്മീഷൻ ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. ‘ലോകത്തിൽ തുല്യതയില്ലാത്ത ക്രൂയിസ് മിസൈലായ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ജനുവരിയോടെ റഷ്യയുടെ നാവികസേനാ കപ്പലായ അഡ്മിറൽ ഗോർഷേവിൽ സ്ഥാപിക്കും”- പുടിൻ പറഞ്ഞു.
റഷ്യയുടെ യുദ്ധ സന്നാഹങ്ങളടങ്ങിയ കപ്പലാണ് അഡ്മിറൽ ഗോർഷേവ്. ആയിരം കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം തകർക്കാൻ സാധിക്കുന്നതാണ് സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ. 2020 ഒക്ടോബറിലാണ് സിർക്കോൺ ആദ്യമായി പരീക്ഷിച്ചത്. ഉക്രൈൻ- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആണ് കൂടുതൽ ആയുധങ്ങൾ സ്ഥാപിക്കാൻ റഷ്യ ഒരുങ്ങുന്നതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.