Monday, November 25, 2024

കോവിഡ്: ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കാൻ കേന്ദ്ര നിർദ്ദേശം

ചൈനയിലും മറ്റ് ലോക രാജ്യങ്ങളിലും കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രം. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. ഇന്ത്യയിലെ വൈറസ് വ്യാപനം ചർച്ചചെയ്യാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന.

രാജ്യത്ത് കോവിഡ് പരിശോധന ത്വരിതപ്പെടുത്തണമെന്നും പോസിറ്റീവ് കേസുകളിൽ, വകഭേദത്തെ കണ്ടെത്തുന്നതിനുള്ള ജീനോം സീക്വൻസിങ് നടത്തണമെന്നും കേന്ദ്രം നിർദേശിച്ചു. കേസുകൾ വർദ്ധിച്ചാൽ വൈറസിനെ പ്രതിരോധിക്കാനുള്ള നിർദ്ദിഷ്ട സൗകര്യങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും സജ്ജമായിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മുതിർന്ന പൗരന്മാർക്കും ആരോഗ്യ സ്ഥിതി തൃപ്തികരമല്ലാത്തവർക്കും കരുതൽ ഡോസ് വാക്‌സിൻ നൽകണം. ആശുപത്രികളിൽ ഓക്‌സിജൻ സിലിണ്ടറുകൾ, പിഎസ്‌എ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, മനുഷ്യവിഭവശേഷി എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകണം ഉറപ്പാക്കണമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.

അവശ്യ മരുന്നുകളുടെ ലഭ്യതയും വിലയും പതിവായി നിരീക്ഷിക്കാനും നിർദേശമുണ്ട്. വൈറസിന്റെ പുതിയ വകഭേദമായ ബിഎഫ്‌.7 നുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലും നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കുവാൻ രാജ്യം തയ്യാറെടുക്കുന്നത്.

Latest News