Monday, November 25, 2024

ഒമിക്രോൺ ബിഎഫ്- 7: അറിയാം കോവിഡിന്റെ ഈ വകഭേദത്തെ

കോവിഡ് 19 രാജ്യത്തെ ആരോഗ്യ മേഖലയിൽ സൃഷ്‌ടിച്ച ആഘാതം പൂർണമായും മാറിയിട്ടില്ല. അതിനിടെയാണ് ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎഫ്. 7 രാജ്യത്ത് സ്ഥിരീകരിക്കുന്നത്. രാജ്യം മൊത്തം ആശങ്കയുടെ നിഴലിലാണ്. ഈ സാഹചര്യത്തിൽ എന്താണ് ബിഎഫ്. 7 വകഭേദം എന്നും അതിന്റെ പ്രത്യേകതകളെ ഭയക്കാനുള്ള കാരണത്തെയും അറിയാം.

2020 മുതൽ തന്നെ കോവിഡിന് പല തവണ വകഭേദം സംഭവിച്ച് തുടങ്ങിയിരുന്നു. വൈറസുകൾക്ക് പല തവണ പരിവർത്തനം നടന്നത് കൊണ്ട് തന്നെ നിലവിലുള്ള വാക്സിനുകൾക്കൊന്നും ഒമിക്രോൺ വകഭേദങ്ങളെ നേരിടാൻ കഴിയാത്ത അവസ്ഥയാണ്. വൈറസുകൾ പരിവർത്തനം ചെയ്യുമ്പോൾ വകഭേദങ്ങളും, ഉപ വകഭേദങ്ങളും രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ ഒമിക്രോൺ വകഭേദമായ ബിഎ.5 ന്റെ ഒരു ഉപവംശമാണ് ബിഎഫ്.7.

ഒമിക്രോൺ വകഭേദമായ ബിഎഫ്.7 അതിവേഗം അണുബാധയ്ക്ക് കാരണമാകുകയും പെട്ടെന്ന് പടർന്ന് പിടിക്കുകയും ചെയ്യുമെന്നാണ് നിലവിൽ പഠനങ്ങൾ പറയുന്നത്. കുറഞ്ഞ ഇൻക്യുബേഷൻ കാലയളവിൽ അതിവേഗം വ്യാപിക്കാനുള്ള ശേഷി കാരണം വാക്സിനേഷൻ സ്വീകരിച്ചവരിൽ പോലും രോഗം വരാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. ‘സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ്’ എന്ന ജേണലിൽ ഈ മാസം പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ബിഎഫ്.7 ഉപ വകഭേദത്തിന് യഥാർത്ഥ വകഭേദമായ ഡി614 ജി- യേക്കാൾ 4.4 മടങ്ങ് ഉയർന്ന അളവിൽ പ്രതിരോധം ഉണ്ടെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹോങ്കോങ് രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ രേഖപ്പെടുത്തിയ കോവിഡ് വർദ്ധനവാണ് ചൈനയിലും നിലവിൽ സംഭവിക്കുന്നതെന്നായിരുന്നു ഇന്ത്യയുടെ കോവിഡ് -19 ജീനോം സീക്വൻസിംഗ് സംഘടനയായ INSACOG യുടെ മുൻ മേധാവി ഡോ അനുരാഗ് അഗർവാൾ പറഞ്ഞത്. അതിവേഗത്തിൽ പടരുന്ന ഒമിക്രോൺ വകഭേദം ബിഎഫ്. 7 തന്നെയാണ് ചൈനയിലെ ബീജിങ്ങിലും കോവിഡിന്റെ കുതിപ്പിന് കാരണമായി തീർന്നത്.

അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ ബിഎഫ്. 7 സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ മാസം യുഎസിലെ 5 ശതമാനം കേസുകളും യുകെയിൽ 7.26 ശതമാനം കേസുകളും കോവിഡ് വകഭേദമായ ബിഎഫ്.7 കാരണം ഉണ്ടായതാണ്. എന്നാലും വലിയ രീതിയിലൊരു വർദ്ധനവ് ഈ രാജ്യങ്ങളിൽ ഉണ്ടായിരുന്നില്ല. എങ്കിലും വളരെ ആശങ്കയോടെയാണ് ഈ വകഭേദത്തിന്റെ വ്യാപനത്തെ ലോകം നോക്കി കാണുന്നത്.

Latest News