പരിസ്ഥിതിലോല മേഖലയിലെ സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചതിനു പിന്നാലെ സർക്കാരിനു മുന്നിൽ പരാതികളുടെ പ്രളയം. ജനവാസമേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് വ്യാപകമായി പരാതിയും പ്രതിഷേധവും ഉയർന്നത്.
ബഫർ സോൺ വിഷയത്തിൽ ഇതിനോടകം 12,000- ലധികം പരാതികളാണ് സർക്കാരിന് ലഭിച്ചത്. വനംവകുപ്പ് പുറത്തിറക്കിയ ഭൂപടത്തിനെതിരെയും എരുമേലി ഏയ്ഞ്ചൽ വാലിയിൽ വ്യാപക പ്രതിഷേധം അരങ്ങേറി. വനംവകുപ്പ് സ്ഥാപിച്ച ബോർഡുകൾ പിഴുതെറിഞ്ഞാണ് ജനങ്ങൾ പ്രതിഷേധം നടത്തിയത്. ജനവാസമേഖല ഒഴിവാക്കി ബഫർ സോൺ നിശ്ചയിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സംസ്ഥാനത്തെ 22 വന്യജീവിസങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിലനിർത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധവും പരാതിയും ഉയരുന്നത്.