സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു കൊണ്ട് മഹാരാഷ്ട്ര. മൊബൈൽ ഫോൺ ഉപയോഗിച്ച് ഇന്റർനെറ്റിൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണുന്നത് കുട്ടികൾക്കിടയിലെ ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പല സ്കൂളുകളിലും മുൻപ് മുതിർന്ന ക്‌ളാസുകളിൽ മൊബൈൽ ഫോൺ അനുവദിച്ചിരുന്നു. മാതാപിതാക്കൾ ഇരുവരും ജോലിക്കു പോകുന്നവർക്കും മറ്റുമാണ് ഈ ആനുകൂല്യം ഉണ്ടായിരുന്നത്. ഫോൺ സ്കൂൾ റിസപ്ഷനിലോ, ക്ലാസ് ടീച്ചറെയോ ഏൽപിക്കുന്ന രീതിയും പുതിയ ഉത്തരവ് പ്രകാരം തടഞ്ഞിരിക്കുകയാണ്. നിരോധനം കർശനമായി നടപ്പാക്കാൻ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.