വടക്കൻ ഇറ്റലിയുടെ പടിഞ്ഞാറൻ തീരത്തുള്ള മനരോല പട്ടണത്തിൽ ലീഗ്വാരിയയിലെ ചിന്ഖ്വ് തെരെ നാഷണൽ പാർക്കിലാണ് ഈശോയുടെ ജനനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനാണ് പ്രകാശിതമായ ഈ ജനനരംഗ ചിത്രീകരണം പ്രദർശിപ്പിച്ചത്. വിരമിച്ച റെയിൽവെ ജീവനക്കാരനായ മരിയോ ആൻഡ്രിയോലിയാണ് ഇതിന്റെ സൃഷ്ടിക്കു പിന്നിൽ. 1,700-ലധികം ബൾബുകളാൽ പ്രകാശിതമായ 300- ലധികം വലിപ്പമുള്ള രൂപങ്ങളുള്ള ഒരു ജനനരംഗമാണ് ഇത്.
1961- ൽ ആൻഡ്രിയോലി ഈ ശ്രമകരമായ ജോലി ആരംഭിച്ചു. തന്റെ വർക്ഷോപ്പ് വൃത്തിയാക്കിയപ്പോൾ, അവിടെ ബാക്കിയുള്ള സാധനങ്ങൾ ഉപേക്ഷിക്കുന്നതിനു പകരം പുനരുപയോഗ യോഗ്യമാക്കിത്തീർത്തു. 61 വർഷത്തെ കഠിനാദ്ധ്വാനവും ആവേശഭരിതവുമായ പ്രവർത്തനത്തിന്റെ ഫലവുമാണ് ഈ രംഗം. കോവിഡ് പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം, ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിനിധീകരിക്കുന്ന രൂപങ്ങളും ഇതിൽ ചേർത്തു.
മനരോലയിലെ ഈ ജനനരംഗം 2007- ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അതേ വർഷം തന്നെ ലോകത്തിലെ ഏറ്റവും വലിയ പ്രകാശിതമായ ജനനരംഗം എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു.
പ്രായവും ആരോഗ്യപ്രശ്നങ്ങളും മൂലം ബുദ്ധിമുട്ടിയതിനാൽ തന്റെ പ്രോജക്റ്റ് തുടരുന്നതിനായി അദ്ദേഹം മനരോല മരിയോ ആൻഡ്രിയോലി നേറ്റിവിറ്റി അസോസിയേഷൻ സ്ഥാപിച്ചിരുന്നു.