എല്ലാ വർഷവും വിശുദ്ധ നിക്കോളാസിന്റെ തിരുനാള്‍ ദിനത്തില്‍, ഒരു ചുവന്ന സ്യൂട്ടും കറുത്ത ബൂട്ടും കട്ടിയുള്ള വെളുത്ത താടിയും ധരിച്ച് സാന്താക്ലോസിന്റെ വേഷത്തില്‍ ഒരാള്‍ ഒരു ഒട്ടകത്തിൽ കയറി, ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ, പഴയ നഗരത്തിന്റെ തെരുവുകളിലൂടെ സഞ്ചരിക്കുന്നു. അനീസ് കസീസിയ എന്ന 44 കാരനാണ് അദ്ദേഹം. ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ വിശ്വാസിയായ അനീസ് കഴിഞ്ഞ 16 വര്‍ഷങ്ങളായി എല്ലാ ഡിസംബറിലും ‘ജറുസലേം സാന്താ’യായി മാറുന്നു. കാത്തലിക് ന്യൂസ് ഏജന്‍സിയാണ് ഈ ക്രിസ്മസ് കാലത്ത് അദ്ദേഹത്തിന്റെ കഥ പുറത്തുകൊണ്ടുവന്നത്.
“സാന്താക്ലോസ് ഒരു കെട്ടുകഥയായി ചിലരൊക്കെ പറയുന്നുണ്ടെങ്കിലും ഒരു ക്രൈസ്തവനെന്ന നിലയിൽ താൻ ഈ വേഷം ധരിക്കാൻ കാരണം, ക്രിസ്തുവിന്റെ ജനനം മിഡിൽ ഈസ്റ്റിൽ നടന്ന ഒരു സംഭവമാണെന്ന് ആളുകളെ ഓർമ്മിപ്പിക്കുവാനാണ്.” – അനീസ് പറയുന്നു.
ഇദ്ദേഹത്തിന്റെ കുടുംബം ഏകദേശം 900 വർഷമായി ജറുസലേമിൽ താമസിക്കുന്നു. അനീസിനെ സംബന്ധിച്ചിടത്തോളം, മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യൻ സാന്നിധ്യത്തിന്റെ 2,000-ത്തിലധികം വർഷത്തെ ചരിത്രത്തെക്കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് ഒട്ടകപ്പുറത്തേറി ജറുസലേമിലൂടെയുള്ള ഈ യാത്ര. സാന്താക്ലോസ് വേഷധാരണത്തിൽ അദ്ദേഹം തന്റെ പിതാവിന്റെ പാതയാണ് പിന്തുടരുന്നത്. സ്വന്തം മക്കൾക്കായി സാന്താക്ലോസ് വേഷമിട്ടതിന് ശേഷമാണ് അനീസ് ആദ്യമായി ‘ജറുസലേം സാന്താ’ വേഷത്തിൽ ഇറങ്ങുന്നത്. അത് കുട്ടികളെയും മുതിർന്നവരെയും വളരെയധികം സന്തോഷഭരിതരാക്കിയെന്ന് അദ്ദേഹം പറയുന്നു.
സാന്താക്ലോസിന്റെ വേഷം ധരിച്ച് ആളുകളെ ആഹ്ലാദിപ്പിച്ച അദ്ദേഹം, ഏതാനും വർഷങ്ങൾക്കുമുമ്പ് മറ്റൊരു തീരുമാനം കൂടി എടുത്തു. ഉണ്ണിയേശുവിനെ കാണാൻ വന്ന ജ്ഞാനികളെ അനുസ്മരിപ്പിച്ച് ഒട്ടകത്തിന്റെ പുറത്ത് കയറി ജറുസലേമി പ്രവേശിക്കാനായിരുന്നു ആ തീരുമാനം.
അനീസ് ഇപ്പോൾ അന്താരാഷ്ട്ര-അംഗീകൃത സാന്താക്ലോസ് ആണ്. 2015-ൽ, 1937-ൽ സ്ഥാപിതമായ ചാൾസ് ഡബ്ല്യു. ഹോവാർഡ് സാന്താക്ലോസ് സ്കൂളിൽ നിന്ന് ‘സാന്താസ് ഗ്ലോബൽ അംബാസഡർ ഫോർ ദി ഹോളി ലാൻഡ്’ എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു.