ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം സീസൺ പുരോഗമിക്കുന്നു. മാസ് ബീച്ച് ക്ലീനിങ് ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങളോടെയാണ് ഫെസ്റ്റ് പുരോഗമിക്കുന്നത്. മറീന ബീച്ചില്‍ നടക്കുന്ന ഫെസ്റ്റില്‍ നിരവധി സാഹസികപ്രേമികളാണ് പ്രതിദിനം എത്തുന്നത്.
ഫെസ്റ്റിന്റെ ഭാഗമായി ഡിസംബര്‍ 26, 27 തീയതികളില്‍ തുറമുഖത്ത് തീര–നാവികസേനയുടെ യുദ്ധക്കപ്പൽ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കാൻ പ്രവേശനത്തിന് ടോക്കണും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയുമാണ് യുദ്ധക്കപ്പൽ കാണാനുള്ള അവസരം. തുറമുഖത്ത് നാവികസേനയുടെയും കരസേനയുടെയും ആയുധങ്ങളുടെ പ്രദർശനവുമുണ്ട്.
ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമായ പായ് വഞ്ചിയോട്ട മത്സരം ഡിസംബർ 27, 28 തീയതികളിലാണ് നടക്കുന്നത്. അടച്ചുമൂടിക്കിടന്ന കാലത്തിന്റെ നഷ്ടപ്പെട്ട സന്തോഷവും ഉത്സവങ്ങളും ഇരട്ടിയായി തിരികെ നൽകുകയാണ് ബേപ്പൂര്‍ ഫെസ്റ്റ് എന്നാണ് സാഹസികപ്രേമികളുടെ അഭിപ്രായം. ഡിസംബര്‍ 28- നാണ് ഫെസ്റ്റ് അവസാനിക്കുന്നത്.